
ന്യൂഡൽഹി∙ പ്രധാനമന്ത്രി
നാലു ദിവസത്തെ വിദേശപര്യടനത്തിനു തുടക്കം. യുകെ, മാലദ്വീപ് എന്നിവടങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക.
ഇന്ന് ഉച്ചയോടെ ഡൽഹി രാജ്യാന്തരവിമാനത്താവളത്തിൽനിന്നു പുറപ്പെട്ട മോദി, പ്രാദേശിക സമയം രാത്രി 7.45ഓടെ ലണ്ടനിൽ എത്തും.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ക്ഷണപ്രകാരമാണ് മോദി ലണ്ടനിലെത്തുന്നത്.
യുകെയുമായി നിർണായകമായ വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവയ്ക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്. ചാൾസ് മൂന്നാമൻ രാജാവുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം നാലാം തവണയാണ് മോദി യുകെ സന്ദർശിക്കുന്നത്. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം യുകെയിൽ എത്തിയിട്ടുണ്ട്.
മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ലണ്ടൻ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ പ്രതിഷേധം അടക്കം ഉണ്ടാകുമെന്ന റിപ്പോർട്ടുള്ളതിനാൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്.
യുകെ സന്ദർശനത്തിന് ശേഷം മോദി മാലദ്വീപിലേക്ക് പോകും.
ജൂലൈ 26ന് മാലദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മോദി പങ്കെടുക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ വിശിഷ്ടാതിഥിയാണ് നരേന്ദ്ര മോദി.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചർച്ചകൾ സന്ദർശനവേളയിൽ മോദി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിയ നിരവധി വികസന പദ്ധതികൾ സന്ദർശനത്തിനിടെ മോദി ഉദ്ഘാടനം ചെയ്യും.
ചൈനീസ് അനുകൂലന നിലപാടെടുക്കുന്ന മുഹമ്മദ് മുയിസുവിന്റെ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
Leaving for UK, a country with which our Comprehensive Strategic Partnership has achieved significant momentum in the last few years. I look forward to my talks with PM Keir Starmer and my meeting with His Majesty King Charles III.
…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]