
ആലപ്പുഴ: വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഹരിപ്പാടാണ് ഇദ്ദേഹം വിലാപയാത്ര കാത്ത് നിന്നിരുന്നത്.
കുട്ടിക്കാലം മുതൽ കണ്ടുവളർന്ന ഒരു നേതാവാണ് വിഎസ്. കുട്ടിക്കാലത്ത് നാട്ടിൽ വിഎസിന്റെ പ്രസംഗം കേൾക്കാൻ പോകുമായിരുന്നു.
അന്നുമുതലുള്ള ബന്ധമാണ്. ഞങ്ങൾക്ക് വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാണെങ്കിലും അദ്ദേഹവുമായി വളരെ നല്ല ബന്ധമാണുള്ളത്.
പുറമേ പരിക്കനാണെന്ന് തോന്നുമെങ്കിലും ആർദ്രതയുള്ള ഒരു മനസ്സിന് ഉടമയാണ് വിഎസ്. അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ഒരു പോരാട്ട
വീര്യമാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിലായിരുന്നെങ്കിൽപ്പോലും എന്നോട് പ്രത്യേക സ്നേഹമായിരുന്നു.
വിഎസ് ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് എല്ലാ ദിവസവും താൻ അരുണിനെ വിളിക്കുമായിരുന്നു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും വ്യക്തിപരമായി വളരെ അടുപ്പം പുലർത്തിയിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിട്ട് കരുവാറ്റയിലേക്ക് പ്രവേശിച്ചു. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.
കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്.
വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ അതിനിയും മണിക്കൂറുകള്‍ വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]