
കുടുംബ ബന്ധങ്ങളുടെ ‘ഇമ്പം’ നഷ്ടപ്പെടുമ്പോള്‍, കുടുംബത്തിനുള്ളില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. ഇത് പതുക്കെ വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു. ഇന്ന് വിവാഹ മോചനം ഒരു പുതുമയുള്ള സംഗതിയല്ല. ചില വിവാഹ ബന്ധങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹ മോചനത്തിലേക്ക് നീങ്ങുമ്പോള്‍, മറ്റ് ചിലത് പത്ത് മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വിശ്വാസ കുറവ് ഇരുവർക്കുമിടയില്‍ തീര്‍ക്കുന്ന സുഖകരമല്ലാത്ത ബന്ധമാണ് പലപ്പോഴും വിവാഹ ബന്ധങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹ മോചനം നേടുക എന്നത് ഒരു പക്ഷേ, ആദ്യത്തെ സംഭവമാകാം.
വിവാഹത്തിന്റെ ഔപചാരിക നടപടിക്രമങ്ങൾ അവസാനിച്ച ശേഷം, വെറും മൂന്ന് മിനിറ്റിനുള്ളിലാണ് ദമ്പതികള്‍ വിവാഹബന്ധം ഒഴിഞ്ഞതെന്ന് ഇൻഡിപെൻഡന്റ്സ് ഇൻഡിയിലെ ഒരു റിപ്പോർട്ട് പറയുന്നു. സംഭവം 2019 -ൽ നടന്നതാണെങ്കിലും അടുത്തിടെ വീണ്ടു ഈ വിഷയം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുവൈത്തില്‍ നിന്നുള്ള ഭാര്യാഭര്ത്താക്കന്മാരാണ് മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. കോടതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും ഇറങ്ങവെ വധു കാലിടറി വീണു. ഈ സമയം വരന്, വധുവിനെ ‘മണ്ടി’യെന്ന് വിളിച്ചതിന് പിന്നാലെ പ്രകോപിതയായ വധു, ജഡ്ജിയോട് തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വധുവിന്റെ ആവശ്യപ്രകാരം ജഡ്ജി തന്നെ ഇരുവരുടെയും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നുവെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ വിവാഹബന്ധമായിരുന്നു ഇരുവരുടെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര് വധുവിന്റെ തീരുമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടു. ‘തുടക്കത്തിൽ അവൻ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവനെ ഉപേക്ഷിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. ‘ഒരു ബഹുമാനവുമില്ലാത്ത വിവാഹം, തുടക്കം മുതൽ തന്നെ പരാജയപ്പെട്ട ഒന്നാണ്’ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 2004 ൽ, ബ്രിട്ടനിലെ ഒരു ദമ്പതികൾ വിവാഹത്തിന് 90 മിനിറ്റുകള്‍ക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചത് അന്ന് വലിയ വര്‍ത്തായായിരുന്നു. സ്കോട്ട് മക്കിയും വിക്ടോറിയ ആൻഡേഴ്സണും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ട് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായി. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ ആ ബന്ധം ഉപേക്ഷിക്കപ്പെട്ടു. അതിന് കാരണമായത്, വരന്റെ വധുവിന്റെ തോഴിമാര്‍ക്ക് ‘ടോസ്റ്റ്’ നല്‍കിയതില്‍ പ്രകോപിതയായ വധു, വിവാഹ പന്തലില്‍ ഇരുന്ന ഒരു ആസ്ട്രേ ഉപയോഗിച്ച് വരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ വിവാഹ വേദിയില്‍ സംഘർഷം ഉടലെടുക്കുകയും വരനും വധുവിന്റെ സുഹൃത്തുക്കളും തമ്മില്‍ അടിപിടിയില്‍ അവസാനിക്കുകയുമായിരുന്നു. ഇതോടെ വധു വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.
Last Updated Jul 22, 2024, 8:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]