
ആലപ്പുഴ: കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടതോടെ ആശങ്കയിൽ കഴിയുകയാണ് പുന്നപ്രയിലെ വിഷ്ണുവിൻ്റെ കുടുംബം. പുന്നപ്ര സ്വദേശിയായ 25 കാരനായ വിഷ്ണു ബാബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വ്യാഴാഴ്ച്ച രാവിലെയാണ് ക്യാപ്റ്റൻ വിളിക്കുന്നതും മകൻ മിസ്സിങ്ങാണെന്ന് അറിയിക്കുന്നതെന്നും അച്ഛൻ പറഞ്ഞു. രാവിലെ എട്ടുമണിയ്ക്ക് ഹാജരാകേണ്ട വിഷ്ണു ഇതുവരേയും ഹാജരായിട്ടില്ല. ഞങ്ങൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല, ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കപ്പൽ അധികൃതർ അറിയിച്ചതായും അച്ഛൻ പറയുന്നു. കപ്പൽ അധികൃതരിൽ നിന്നും കൃത്യമായി വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഷിപ്പിലെ മറ്റു ജീവനക്കാരെയെല്ലാം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഒഡീഷയിലെ പാരാദ്വീപിൽ നിന്നും സിംഗപ്പൂരിലേക്ക് പോയി ചൈനയിലേക്ക് പോകുമെന്നാണ് വിഷ്ണു പറഞ്ഞത്. തലേന്നാൾ മലേക്കാ കടൽഭാഗത്ത് വെച്ച് കടലിൽ വീണുവെന്നാണ് ക്യാപ്റ്റൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നതെന്നും അച്ഛൻ പറഞ്ഞു.
അധികൃതരുമായി ആദ്യം സംസാരിച്ചപ്പോൾ പ്രാദേശികമായി ബന്ധപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര വിഷയം ആയതുകൊണ്ട് ഇന്ത്യൻ എംബസ്സി വഴി താഴേക്ക് വന്ന് ലോക്കൽ പൊലീസ് വഴിവിവരം എത്തുമെന്നുമാണ് പറഞ്ഞത്. ഇന്നലെ പറഞ്ഞത് ഇന്ത്യൻ എംബസ്സിയുടെ സമ്മർദ്ദം വേണമെന്നാണെന്നും അച്ഛൻ പറയുന്നു. ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ എസ്എസ്ഐ റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രൈനി വൈപ്പറാണ് വിഷ്ണു. കാണാതായി അഞ്ചുനാൾ പിന്നിടുമ്പോഴും മകനെക്കുറിച്ചുള്ള വിവരം ലഭിക്കാത്ത ആശങ്കയിലാണ് കുടുംബം.
Last Updated Jul 22, 2024, 3:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]