
നിലമ്പൂരിന്റെ സുൽത്താനായി ഷൗക്കത്ത്, രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഇറാനുനേരെ വീണ്ടും ആക്രമണം– പ്രധാന വാർത്തകൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനമാണ് ഇന്നത്തെ മുഖ്യവാർത്ത. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞതും ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വാർത്താപ്രാധാന്യം നേടി.
വായിക്കാം ഇന്നത്തെ മറ്റുപ്രധാന വാർത്തകളും. നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു.
9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. 2011 നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇതിനു മുൻപ് യുഡിഎഫ് വിജയിച്ചത്.
എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.
മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു.
നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
ഇറാന്റെ ഫൊർദോ ആണവകേന്ദ്രത്തിനുനേർക്ക് വീണ്ടും ആക്രമണമെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. എത്ര നാശനഷ്ടങ്ങളുണ്ടായെന്നോ ആരാണ് ആക്രമിച്ചതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഞായറാഴ്ച പുലർച്ചെയാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളുടെ നേർക്ക് ബോംബിട്ടത്. ഇതേത്തുടർന്ന് യുഎസിന്റെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു.
അതിനിടെ, ഇസ്രയേൽ ഇന്നു നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ എവിൻ ജയിലിന്റെ കവാടം തകർന്നതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ.
നടനെ തിങ്കളാഴ്ച രാവിലെ ചെന്നൈ പൊലീസിന്റെ ആന്റി–നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നുങ്കംപാക്കത്തെ ഒരു ബാറിൽ ഉണ്ടായ അടിപിടിയെ തുടർന്നാണ് അണ്ണാഡിഎംകെ മുൻ നേതാവായ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
അമ്മയുടെ ഡിഎൻഎ സാംപിളുമായാണ് രഞ്ജിതയുടെ സാംപിളുകൾ പരിശോധിച്ചത്. നേരത്തേ സഹോദരന്റെ ഡിഎൻഎ സാംപിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല.
മൃതദേഹം നാളെ നാട്ടിൽ എത്തിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]