
ഷവർമ, ഷവായ് കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടി ഉടമകൾ, അന്വേഷണം നടക്കുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
കൊച്ചി∙ പ്രമുഖ ഹോട്ടൽ ശൃംഖലയുടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഷവർമ, ഷവായ് കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധ. പരാതികള്‍ പ്രവഹിച്ചു തുടങ്ങിയതോടെ ഉടമകൾ ഹോട്ടൽ തന്നെ പൂട്ടി.
ഭക്ഷ്യവിഷബാധയേറ്റ ഇരിങ്ങാലക്കുട സ്വദേശിയായ യുവതി മരണത്തോട് മല്ലടിച്ച് ഐസിയുവിൽ കഴിഞ്ഞത് 3 ദിവസം.
ഹോട്ടലിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മൊഴിയെടുത്തു കൊണ്ടിരിക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പും കൊച്ചി കോർപറേഷൻ അധികൃതരും വ്യക്തമാക്കി.
കൊച്ചി രവിപുരത്ത് പ്രവർത്തിക്കുന്ന റിയല്‍ അറേബ്യ ഹോട്ടലിൽ നിന്ന് ഷവർമയും മറ്റും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പരാതി. ഈ മാസം 16ന് ഇവിടെ നിന്ന് ഷവർമയും ഷവായിയും കഴിച്ച ഇരിങ്ങാലക്കുട
സ്വദേശികളായ 3 പേരുെട ആരോഗ്യാവസ്ഥ അന്നു വൈകിട്ടോടെ മോശമായിരുന്നു.
ഛർദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.
പിറ്റേന്ന് വീണ്ടും വയ്യാതായതോടെ ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയെ ഇവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 3 ദിവസം ഐസിയുവിലായിരുന്ന യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർ പറഞ്ഞതായി യുവതിയുടെ അമ്മ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് എറണാകുളം ഭക്ഷ്യസുരക്ഷാ വകുപ്പിനു പരാതി നൽകിയതായും അവർ അറിയിച്ചു.
ഹോട്ടലിനെ കുറിച്ച് പിന്നീട് തങ്ങൾ അന്വേഷിച്ചപ്പോൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നു എന്നാണ് അറിഞ്ഞത് എന്നും അമ്മ പറയുന്നു. യുവതിക്കൊപ്പം ഭക്ഷണം കഴിച്ചവരിലൊരാൾ തൃശൂരിലെ ആശുപത്രിയിലാണ്.
മൂന്നാമത്തെയാൾ വീട്ടിൽ വിശ്രമത്തിലും. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തുകയാണെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മീഷണർ ജോസ് ലോറൻസ് വ്യക്തമാക്കി.
ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതു സംബന്ധിച്ച് ഈ മാസം 21ന് തങ്ങൾക്കു മറ്റൊരു പരാതി കിട്ടിയിരുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്നു തന്നെ ഹോട്ടലിനെ സംബന്ധിച്ച് തിരക്കിയെങ്കിലും കോർപറേഷൻ അധികൃതരുടെ നിർേദശപ്രകാരം ഹോട്ടൽ അടച്ചിരിക്കുകയാണ് എന്നാണ് വ്യക്തമായതെന്നും അസി.
കമ്മീഷണർ പറഞ്ഞു. ഹോട്ടലിനെ കുറിച്ച് പരാതി ലഭിച്ചപ്പോൾ തന്നെ ഇക്കാര്യം അന്വേഷിച്ചിരുന്നു എന്നും അവർ അപ്പോൾ തന്നെ ഇത് അടച്ചു എന്നും കോർപറേഷൻ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷ്റഫും പറഞ്ഞു.
ഇനി തുറക്കുകയാണെങ്കിൽ കോർപറേഷന്റെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]