
അതിസൂക്ഷ്മ മുന്നൊരുക്കം, ശ്രദ്ധ തെറ്റിച്ച് ബി–2 ബോംബറുകൾ; ഇറാന്റെ ‘കണ്ണിൽ’ പെടാതെ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധ തെറ്റിച്ച് അതിസൂക്ഷ്മമായ മുന്നൊരുക്കത്തോടെയാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. കൂടുതൽ വിമാനങ്ങളെ മറ്റൊരു വഴിക്കു പറത്തി നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിന് യുഎസ് തുടക്കമിട്ടത്. യുഎസ് ഭരണകൂടത്തിലെ ഏതാനും പേർക്കു മാത്രമാണ് നീക്കങ്ങൾ അറിയാമായിരുന്നത്.
വെള്ളിയാഴ്ച അർധരാത്രിയും ശനി പുലർച്ചെയുമായി ഇരുപത് ബി–2 ബോംബർ വിമാനങ്ങൾ മിസൗറിയിലുള്ള വൈറ്റ്മാൻ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയരുന്നു. ഇതിൽ ഏതാനും വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാം ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങി. അതേസമയം, യഥാർഥത്തിൽ ആക്രമണം ദൗത്യം ഏൽപ്പിച്ചിരുന്ന ഏഴ് ബി–2 ബോംബർ വിമാനങ്ങൾ ഇറാൻ ലക്ഷ്യമാക്കി കിഴക്കോട്ടു പറന്നു. 18 മണിക്കൂർ നീണ്ട യാത്രയിൽ ആകാശത്തുവച്ചുതന്നെ വിമാനങ്ങളിൽ പല തവണ ഇന്ധനം നിറച്ചു. ഏറ്റവും കുറിച്ച് ആശയവിനിമയമാണ് ഈ സമയങ്ങളിലെല്ലാം നടത്തിയത്.
ആക്രമണ ദൗത്യം ഏൽപ്പിച്ചിരുന്ന ഏഴ് ബി–2 ബോംബർ വിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയിൽ എത്തിയതോടെ കടലിൽനിന്ന് യുഎസ് അന്തർവാഹിനി രണ്ടു ഡസനിലേറെ ടോമഹോക് മിസൈലുകൾ ഇസ്ഫഹാൻ ലക്ഷ്യമാക്കി തൊടുത്തു. ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാൻ ബോംബർ വിമാനങ്ങൾക്കു മുൻപിലായി അതിവേഗ യുദ്ധവിമാനങ്ങൾ ഉയരത്തിൽ പറന്നു. തുടർന്ന് ബി–2 ബോംബർ വിമാനങ്ങൾ ഫൊർദോയിൽ ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു. പിന്നാലെ നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയും തുടർച്ചയായി ബങ്കർ ബസ്റ്റർ ബോംബുകൾ തൊടുത്തു. തുടർന്ന് ഇസ്ഫഹാനിൽ വീണ്ടും ടോമഹോക് മിസൈൽ ഉപയോഗിച്ച് ആക്രമണം. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങൾ മടങ്ങി.
ബി–2 ബോംബർ വിമാനങ്ങൾ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയുണ്ടായത്. ബി–2 ബോംബർ വിമാനങ്ങൾ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ദൗത്യവും ഇതാണ്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ സൈനിക നടപടിയാണ് ആദ്യത്തേത്.