
ആന്റിഗ്വ: ബാറ്റിംഗ് നിരയുടെ സമീപനത്തിലെ മാറ്റമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ടി 20യിൽ അർധസെഞ്ച്വറിയോ സെഞ്ച്വറിയോ അല്ല വലുതെന്ന് വൈകിയെങ്കിലും ഇന്ത്യ തിരിച്ചറിഞ്ഞു. വിവിയൻ റിച്ചാർഡ്സിന്റെ നാട്ടിലെത്തിയാൽ റിച്ചാർഡ്സിനെ പോലെ ബാറ്റ് വീശണം. ആന്റിഗ്വയിൽ ഇന്ത്യ ഇറങ്ങിയത് കെയർഫ്രീ ക്രിക്കറ്റിൽ വിശ്വസിച്ചായിരുന്നുവെന്നത് ഇന്ത്യയുടെ സ്കോര്‍ കാര്‍ഡ് കണ്ടാല്‍ മനസിലാവും.
ആദ്യ മൂന്നിലെ ആരെങ്കിലും വലിയ ഇന്നിംഗ്സ് കളിച്ചാൽ മാത്രം വമ്പൻ സ്കോറിലെത്തുന്ന പതിവിന് അവധി നൽകിയാണ് ഇന്ത്യ ഇന്നലെ തകര്‍ത്തടിച്ചത്. നായകൻ രോഹിത് ശര്‍മയും വിരാട് കോലിയും തന്നെ ഈ മാറ്റം തുടങ്ങിവെച്ചു. ബാറ്റിംഗ് നിരയിലെ ആദ്യ ആറു പേരില്‍ നാലു പേരുടെയും സ്ട്രൈക്ക് റേറ്റ് 150 തൊട്ടു. ആറാമനായി ഇറങ്ങിയ ഹാർദ്ദിക് പണ്ഡ്യ ഒഴികെ ആരും 40 പോലും കടക്കാതിരുന്നിട്ടും ഇന്ത്യ നേടിയത് 196 റൺസ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സടിച്ചപ്പോള്‍ നേരിട്ട നാലാം പന്ത് തന്നെ സിക്സിന് പറത്തിയ വിരാട് കോലി 28 പന്തില്‍ 37 റണ്‍സെടുത്തു. ഇന്ത്യൻ നിരയില്‍ 150ല്‍ താഴെ (132.14) സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന ഒരു ബാറ്റര്‍ കോലിയായിരുന്നു.
തുടക്കത്തില്‍ നങ്കൂരമിട്ട് കളിച്ച റിഷഭ് പന്ത് 10 ഓവർ പിന്നിട്ടതോട തകര്‍ത്തടിച്ചു. രണ്ട് സിക്സും നാല് ഫോറും പറത്തിയ പന്ത് നേടിയത് 24 പന്തില്‍ 36 റണ്‍സ്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുക എന്ന ഇന്ത്യൻ സമീപമനം മാറിയതിന്റെ തെളിവായിരുന്നു നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച സൂര്യയുടെ ഇന്നിംഗ്സ്. വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ മറുപടി നല്കുന്ന ഇന്നിംഗ്സ് കളിച്ച ശിവം ദുബെ 24 പന്തില്‍ മൂന്ന് സിക്സ് അടക്കം 34 റണ്‍സടിച്ചു. കോലി കഴിഞ്ഞാല്‍ ആദ്യ ആറുപേരില്‍ 150ല്‍ താഴെ സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന(141.67) രണ്ടാമത്തെ ബാറ്റര്‍ ശിവം ദുബെയായിരുന്നു.
ട്വന്റി 20യിൽ ഏകദിന ഇന്നിംഗ്സ് കളിക്കുന്നുവെന്ന പരാതി മാറ്റുമെന്ന് 2021ൽ യുഎഇ വേദിയായ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് മുതൽ പറയുന്നതാണ് ഇന്ത്യ. ഇന്നലെ ബംഗ്ലാദേശിനെതിരെയാണ് അത് നടപ്പായതെന്ന് മാത്രം. വൈകി വന്ന വിവേകമോ, ഒരു കളിയിൽ സംഭവിച്ച അബദ്ധമോ എന്നറിയാൻ നാളെ ഓസ്ട്രേലിയക്കെതിരായ മത്സരം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.
Last Updated Jun 23, 2024, 11:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]