
വയനാട്: കടുവ ആക്രമണം തുടരുന്ന കേണിച്ചിറയിൽ നാട്ടുകാരുടെ പ്രതിഷേധം. രണ്ട് പശുക്കളെ കൂടി കടുവ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കേണിച്ചിറയിൽ ഒറ്റരാത്രിയിൽ മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്റെ പശുവിനെ രാത്രി 10 മണിയോടെ കൊന്നിരുന്നു.
കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. സുല്‍ത്താൻ ബത്തേരി – പനമരം റോഡ് ആണ് ഉപരോധിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായാണ് റോഡ് ഉപരോധം. പശുവിന്റെ ജഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. അതേസമയം, കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.
കൂട് വെച്ച് പിടികൂടാനായില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് എസിഎഫ് ബി രഞ്ജിത് കേണിച്ചിറയിൽ എത്തിയിട്ടുണ്ട്. പൂതാടി പഞ്ചയത്തിൽ സർവകക്ഷി യോഗവും തുടങ്ങി. മയക്കുവെടി വയ്ക്കാനുള്ള അനുമതി തേടുമെന്നാണ് വിവരം.
Last Updated Jun 23, 2024, 10:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]