
കോഴിക്കോട്: റോഡിൽ മറിഞ്ഞു വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. കോഴിക്കോട് മുക്കത്ത് ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഇന്നലെ ഉച്ചയ്ക്ക് മുക്കം പുല്‍പറമ്പ് – നായര്‍കുഴി റോഡിലാണ് സംഭവം. സ്കൂട്ടർ യാത്രികൻ വളവ് കഴിയവേ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പ്രധാന റോഡില്‍ നിന്നും ഇടറോഡിലേക്ക് സാമാന്യം നല്ല വേഗത്തില്‍ പ്രവേശിച്ച സ്കൂട്ടര്‍ യാത്രികന് പെട്ടെന്ന് തെന്നിവീഴുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തു തന്നെയാണ് യുവാവ് വീണത്.
അതിനിടെ എതിർ വശത്തു നിന്ന് സ്വകാര്യ ബസ് വരുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഡ്രൈവർ ബസ് ഉടനെ ഇടത്തേക്ക് വെട്ടിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. യുവാവിനെ ഇടിക്കാതിരിക്കാന്‍ റോഡരികിലെ മതിലിന് സമീപത്തേക്കാണ് ബസ് ഓടിച്ചു കയറ്റിയത്. ബസ് മതിലില്‍ ഇടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ഉടനെ സ്വയം എഴുന്നേറ്റുനിന്ന് ബസ്സിനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സീറ്റിനടിയില്‍ നിന്ന് വീണ് പോയ ഹെല്‍മെറ്റ് തിരികെ വയ്ക്കുന്നതും ദൃശ്യത്തിലുണ്ട്. യുവാവിന് പരിക്കൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.
Last Updated Jun 23, 2024, 10:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]