
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടത്തിന്റേയും നടപ്പുരയുടേയും നിർമ്മാണം പൂർത്തിയായി. ജൂലൈ ഏഴിനാണ് ഇരുനിലകളോട് കൂടിയ പുതിയ പ്രവേശന ഗോപുരത്തിന്റെ സമർപ്പണ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കേരളീയ വാസ്തുശൈലിയിൽ നിർമ്മിച്ച ശിൽപങ്ങളോട് കൂടിയ തൂണുകളിലാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുതിയ പ്രവേശന ഗോപുരവും നടപ്പന്തലും നിർമ്മിച്ചിരിക്കുന്നത്.
കൊത്തുപണികളുടെയും ദാരുശില്പങ്ങളുടെയും അലങ്കാരങ്ങളോടെയാണ് പുതിയ രണ്ട് നില ഗോപുരകവാടം ഇനി ക്ഷേത്രത്തിലേക്ക് ഭക്തരെ വരവേൽക്കുക. ഗോപുരത്തിൻ്റെ മുകളിലെ താഴികക്കുടങ്ങളുടെ സമർപ്പണം നേരത്തെ പൂർത്തിയായിരുന്നു. പ്രവേശന ഗോപുരത്തിന്റെ താഴെ ഭാഗത്ത് ആഞ്ഞിലിമരത്തിൽ കൊത്തിയെടുത്ത അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ കാണാനാവും. പ്രവേശന കവാടത്തിന്റെ നാല് തൂണുകളിലായി ഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരുടെ ശിൽപങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപിയായ എളവള്ളി നാരായണൻ ആചാരിയുടെ മകൻ എളവള്ളി നന്ദനും സംഘവുമാണ് പ്രവേശന കവാടം ഒരുക്കിയത്. 2023 ഏപ്രിലിലാണ് കിഴക്കേ നടയിൽ പ്രവേശന ഗോപുരത്തിന്റെ നടപ്പന്തലിൻന്റെയും നിർമ്മാണം ആരംഭിച്ചത്. ഇരുപത് തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമൻ്റിൽ ചെയ്ത് ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ടാകും.
പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് മേധാവിയുമായ വിഘ്നേശ് വിജയകുമാറാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി പ്രവേശന ഗോപുരം നിർമ്മിച്ചത്. ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ പറയുന്ന കൂടുതൽ ശിൽപങ്ങൾ ക്ഷേത്രത്തിൽ സ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുള്ള പദ്ധതി തയ്യാറായി വരികയാണെന്നും വിഘ്നേശ് പറഞ്ഞു.
ഇരട്ട ഗോപുരത്തിനു മുകളിലായി സ്ഥാപിക്കുന്ന മൂന്ന് താഴിക കുടങ്ങൾ ചെമ്പിലാണ് വാർത്തത്. നാല് തട്ടുകളുള്ള ഇതിന് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവ്വമാണ്. മൂന്ന് താഴിക്കകുടങ്ങൾ നിറയ്ക്കാൻ 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മാർഗ്ഗനിർദേശമനുസരിച്ച് ക്ഷേത്രം തന്ത്രിയുടെ കൂടി മേൽനോട്ടത്തിലാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്.
Last Updated Jun 22, 2024, 7:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]