
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് മണിക്കൂറിലേക്ക് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം കയറി. മരം ഒടിഞ്ഞുവീണ് റോഡുകളിൽ ഗതാഗത തടസ്സവുമുണ്ടായി.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യതയും അറിയിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട്ട് മുതൽ-ഇടവ വരെയും, ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമുള്ള തീരങ്ങളിലാണ് ശനിയാഴ്ച രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാൻ സാധ്യതയുള്ളത്. ശനിയാഴ്ച രാത്രി 8.30 മുതൽ ഞായറാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]