
കുവൈത്ത് സിറ്റി: കുവൈത്തിൽ നിരന്തരം നിരവധി പേരാണ് ഫോണ് വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രവാസി തലനാരിഴയ്ക്കാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് പാസ്പോർട്ട് ഓഫീസറാണെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ പ്രവാസിക്ക് വന്നത്. 3455 എന്ന നമ്പറിൽ നിന്നാണ് കാൾ എത്തിയത്.
ജനനതീയതി, സിവിൽ ഐഡി നമ്പർ, ഏതൊക്കെ ബാങ്കുകളിലാണ് പണമിടപാടുകൾ നടത്തുന്നത് എന്നീ കാര്യങ്ങളാണ് വിളിച്ചയാൾ ആദ്യം പ്രവാസിയോട് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം പ്രവാസി വിശ്യസിക്കുകയായിരുന്നു. തുടർന്ന് വിളിച്ചയാൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രവാസിയുടെ ബാങ്ക് കാർഡിന്റെ നമ്പറുകൾ കൂടി പറയാൻ ആവശ്യപ്പെട്ടു. അതൊടെ പ്രവാസിക്ക് കാര്യം പിടികിട്ടി. മുൻപ് ഉണ്ടായിട്ടുള്ള പല തട്ടിപ്പ് വാർത്തകളും കേട്ടിരുന്നകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പ്രവാസിയായ ഇദ്ദേഹം വെളിപ്പെടുത്തിയില്ല. ഇനി വിവരങ്ങൾ പോലീസ് സ്റ്റേഷൻ മുഖേനയോ സർക്കാർ ആപ്ലിക്കേഷനായ സഹേൽ മുഖേനയോ ഔദ്യോഗികമായി സമൻസ് വന്ന ശേഷം മാത്രമേ വെളിപ്പെടുത്തൂ എന്ന് പ്രവാസി പറയുകയായിരുന്നു. അതിനുശേഷം ഫോൺ കോൾ അവസാനിപ്പിച്ചു.
എന്നാൽ, കുറച്ച് സമയത്തിനുശേഷം ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുകൊണ്ട് 3456 എന്ന നമ്പറിൽ നിന്ന് വീണ്ടും പ്രവാസിക്ക് ഫോൺ കോൾ വന്നു. സഹകരിക്കാത്തതിന് പ്രവാസിയെ ശാസിക്കുകയും ചെയ്തു. ബാങ്ക് സംബന്ധമായ വിവരങ്ങൾ വെളിപ്പെടുത്താത്തതിന് 500 ദിനാർ പിഴ ചുമത്തുമെന്ന് വിളിച്ചയാൾ പ്രവാസിയെ ഭീഷണിപ്പെടുത്തി. ബാങ്ക് വിവരങ്ങൾ പറയുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് താൻ പിഴയടച്ചോളാമെന്നും പറഞ്ഞ് പ്രവാസി ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ഒരുപാട് സമയം കഴിഞ്ഞിട്ടും പിഴ സംബന്ധിച്ച സന്ദേശമൊന്നും വരാത്തതിനെ തുടർന്നാണ് ഇത് തട്ടിപ്പ് തന്നെയായിരുന്നെന്ന് പ്രവാസി ഉറപ്പിച്ചത്. തട്ടിപ്പുകാർ നിരന്തരം ലക്ഷ്യമിടുന്നത് പ്രവാസികളെയാണെന്നും ഇത് തട്ടിപ്പായിരുന്നെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഒരിക്കലും പൗരന്മാരിൽ നിന്നോ താമസക്കാരിൽ നിന്നോ ബാങ്ക് വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ചതികളിൽ പെടാതെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]