
കേസൊതുക്കാൻ കൈക്കൂലി: ഇ.ഡി അസി.ഡയറക്ടർ മുൻകൂർ ജാമ്യം തേടി, 3 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ റജിസ്റ്റർ ചെയ്ത കേസൊതുക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട ഇ.ഡി അസി.ഡയറക്ടർ ശേഖർ കുമാർ മുൻകൂർ ജാമ്യം തേടി . കേസിലെ മറ്റു 3 പ്രതികൾക്കും മൂവാറ്റുപുഴ കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ഈ 3 പേരും ഇന്ന് ചോദ്യം ചെയ്യലിന് വിജിലൻസിനു മുൻപാകെ ഹാജരായി.
തന്നെ കേസിൽ പ്രതി ചേർത്തിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് ഇ.ഡി ഉദ്യോഗസ്ഥൻ ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റിലായ പ്രതികളുമായി തനിക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ബന്ധമുള്ളതിന് തെളിവില്ല. തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ പരാതിക്കാരനായ കശുവണ്ടി വ്യവസായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നും ശേഖർ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെതിരെ ഇ.ഡി റജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ 2 കോടി രൂപ ഇടനിലക്കാർ വഴി വാങ്ങി എന്നാണ് വിജിലൻസ് കേസ്. ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി സ്വദേശിയും ഇടനിലക്കാരനുമായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവരാണ് മറ്റു 3 പ്രതികൾ. നേരത്തേ അറസ്റ്റിലായ ഇവർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
വിദേശത്തു നിന്ന് കശുവണ്ടി കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യുന്നതിന് 24 കോടി രൂപ അനീഷ് ബാബു പലരിൽ നിന്നായി വാങ്ങിയെന്നും എന്നാൽ പണമോ കശുവണ്ടിയോ നൽകിയില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ 5 കേസുകള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശേഖർ കുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. എന്നാൽ, പ്രതി കേസന്വേഷണത്തോട് സഹകരിക്കുകയോ വേണ്ട വിധത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകുകയോ ചെയ്തില്ല. കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെയുള്ള കേസ് എന്നാണ് ഇ.ഡി ഉദ്യോഗസ്ഥൻ വാദിക്കുന്നത്.
അതേസമയം, 3 പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് വിജിലൻസ് എസ്പി എസ്.ശശിധരൻ പറഞ്ഞു. പ്രാഥമികമായ എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞു. ബാക്കിയുള്ള തെളിവുകളും ശേഖരിച്ചു വരികയാണ്. കേസ് അന്വേഷണം മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് ദിവസം തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ചിരിക്കുന്നത്.