
ഒറ്റ മഴയ്ക്ക് ഒലിച്ചുപോയി ‘സോയിൽ നെയിലിങ്’; കുന്നുകൾ പിളർത്തി ദേശീയപാത, നെഞ്ച് പിളർന്ന് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ വമ്പൻ കുന്നുകളെ നെടുകെ പിളർത്തി 66 കടന്നുപോകുമ്പോൾ നെഞ്ചിൽ നെരിപ്പോടുമായി നീറുന്നത് നൂറുകണക്കിന് കുടുംബങ്ങൾ. ആശങ്കകൾ ശരി വയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ. കുന്നിടിഞ്ഞും വീടുകളിൽ ചെളി കയറിയും കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. മഴക്കാലം തുടങ്ങുന്നതിന് മുൻപ് ഇതാണ് അവസ്ഥയെങ്കിൽ ഇനിയങ്ങോട്ട് എന്താകുമെന്നറിയില്ല. കുന്നുകളും പുഴകളും വയലുകളും നിറഞ്ഞ ജില്ലയിൽ ദേശീയപാതയുടെ നിർമാണം ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പലയിടത്തും കുന്നിടിഞ്ഞ് വീഴുന്നതും വെള്ളം കയറുന്നതും.
∙ നെടുകെ പിളർന്ന് മഞ്ചക്കുന്ന്
തളിപ്പറമ്പുനിന്ന് പട്ടുവം പഴയങ്ങാട് പോകുന്ന റോഡിലെ മഞ്ചക്കുന്ന് നെടുകെ പിളർന്നാണ് ദേശീയപാത നിർമിക്കുന്നത്. നൂറു മീറ്ററോളം ഉയരത്തിലാണ് കുത്തനെ ചെത്തിയിറക്കിയിരിക്കുന്നത്. കുറച്ചുഭാഗം സോയിൽ നെയിലിങ് നടത്തി ഉറപ്പിച്ചെങ്കിലും അതെല്ലാം ഒറ്റ മഴയിൽ തന്നെ തകർന്നു വീണു. ഇതോടെ കുന്നിനു മുകളിലുള്ള കെട്ടിടങ്ങളുടെ നിലനിൽപ്പ് ഭീഷണിയിലായി. മണ്ണ് പൂർണമായി എടുത്തിട്ടില്ല. ബാക്കി മണ്ണുകൂടി എടുത്താൽ കുന്ന് വലിയ രീതിയിൽ ഇടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. കുത്തനെ മണ്ണിടിച്ചിറക്കരുതെന്ന് നാട്ടുകാർ പലവട്ടം ദേശീയപാത നിർമാണ കമ്പനിയോടെ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
∙ വെള്ളം കയറുമോ കീഴാറ്റൂരിൽ
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ കീഴാറ്റൂരിലെ വയലിൽ കഴിഞ്ഞ മഴയ്ക്ക് വെള്ളം കയറിയെന്ന് നാട്ടുകാർ പറഞ്ഞു. പാടം നികത്തിയാണ് ഇവിടെ പാത നിർമിച്ചിരിക്കുന്നത്. വയലിലെ നിർമാണം ഏറെക്കുറെ പൂർത്തിയായി. കനത്ത മഴ പെയ്താൽ ദേശീയപാത മുങ്ങുമെന്ന് ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമാണത്തിനെതിരെ വലിയ രീതിയിലുള്ള സമരം നടന്ന സ്ഥലമാണ് കീഴാറ്റൂർ.
∙ ഇടിഞ്ഞിടിഞ്ഞ് കുപ്പം
നിർമാണം തുടങ്ങിയപ്പോൾ മുതൽ കുപ്പം മേഖലയിൽ മണ്ണിടിയാനും തുടങ്ങി. പല ഭാഗത്തും ഏതു നിമിഷവും തകർന്നു വീഴാവുന്ന തരത്തിലാണ് മണ്ണ് തള്ളി നിൽക്കുന്നത്. കുന്നിൻ മുകളിലെ മണ്ണും ചെളിയും ഒലിച്ചു വന്ന് വീടുകളിൽ നിറഞ്ഞതോടെ കഴിഞ്ഞ ദിവസം കുപ്പം പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു. ഒറ്റ മഴയിൽ തന്നെ നാൽപതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. ഉരുൾപൊട്ടൽ പോലെ കുന്നിടിഞ്ഞ് വരുമോ എന്ന ഭീതിയിലാണ് കുപ്പത്തുകാർ.
∙ ഡിപിആർ പുറത്തുവിട്ടില്ല
ദേശീയപാത നിർമാണത്തിന്റെ ഡിപിആർ പുറത്തുവിടാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് ഹൈവേ പഠന സംഘം കോഓഡിനേറ്റർ ഡോ.കെ.ഗീതാനന്ദൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഡിപിആർ പുറത്തുവിടുകയും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നെങ്കിൽ നിരവധി പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. പലയിടത്തും കൽവെർട്ടുകളില്ല, അടിപ്പാതകളിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്, സർവീസ് റോഡിന് വീതിയില്ല തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്.
ഇതിനെല്ലാം പുറമെയാണ് മണ്ണിടിയുന്നത്. വലിയ കുന്നുകൾ തട്ടുതട്ടായി മാത്രമേ ഇടിക്കാവൂ എന്ന് നിർദേശിച്ചെങ്കിലും ചെവിക്കൊണ്ടില്ല. കണ്ണൂർ ജില്ലയിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പഠനം നടത്തി ദേശീയ പാത അതോറിറ്റിക്ക് നിർദേശങ്ങൾ നൽകിയെങ്കിലും സ്വീകരിച്ചില്ല. നിർമാണം പുരോഗമിക്കുന്നതിനനുസരിച്ച് പ്രശ്നങ്ങളും കൂടിവരികയാണ്. എന്നാൽ പല പ്രശ്നങ്ങളും ഇനിയും പരിഹരിക്കാവുന്നതേയുള്ളുവെന്നും ഗീതാനന്ദൻ പറഞ്ഞു.
∙ പരിഹരിക്കുമോ പ്രശ്നങ്ങൾ
കുന്നിടിയുന്നതും മണ്ണിട്ട് നികത്തിയ ഭാഗം താഴ്ന്നുപോകുന്നതുമാണ് ദേശീയപാത നിർമാണത്തിൽ നേരിടുന്ന പ്രധാന പ്രശ്നം. കൂടുതൽ സ്ഥലം ഏറ്റെടുക്കാത്തതിനാൽ കുന്ന് കുത്തനെ ഇടിക്കുകയല്ലാതെ മാർഗമില്ലെന്നാണ് നിർമാണ കമ്പനികൾ പറയുന്നത്. സോയിൽ നെയിലിങ് നടത്തിയാണ് ഈ ഭാഗം ബലപ്പെടുത്തുന്നത്. എന്നാൽ മഞ്ചക്കുന്നിൽ ഒറ്റ ദിവസത്തെ മഴയ്ക്ക് തന്നെ സോയിൽ നെയിലിങ് ഒലിച്ചുപോയ വഴി കണ്ടില്ല.
വലിയ കുന്നുകൾ ഇടിയാതിരിക്കാൻ സോയിൽ നെയിലിങ് പ്രായോഗികമല്ലെന്ന് കുപ്പത്തും മഞ്ചക്കുന്നിലും വ്യക്തമാണ്. മണ്ണിടിയാൻ തുടങ്ങിയതോടെ കുന്നിൻ മുകളിലെ വീടുകളും കെട്ടിടങ്ങളും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ്. ദേശീയപാത നിർമാണത്തിൽ അപകാതകളുണ്ടെന്ന് തുടക്കം മുതൽ പ്രദേശവാസികൾ പറയുമ്പോഴും അതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ല. നിർമാണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ ദുരിതം അനുഭവിക്കേണ്ടി വരുന്നതും ഇതേ പ്രദേശവാസികളാണ്.