താറാവിനെ നോക്കാൻ ‘പാട്ടത്തിനെടുത്ത’ കുട്ടിയുടെ മരണം: കേസെടുത്ത് പൊലീസ്
ചെന്നൈ∙ താറാവുകളെ നോക്കാൻ ആന്ധ്രയിൽനിന്നു ‘പാട്ടത്തിനെടുത്ത’ ഒൻപതു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ള വെങ്കിടേഷ് എന്ന കുട്ടിയെയാണു മാതാപിതാക്കൾ ആന്ധ്രയിൽ തന്നെയുള്ള മറ്റൊരു ദമ്പതികൾക്ക് 15,000 രൂപയ്ക്കു പാട്ടത്തിനു നൽകിയത്.
തിരുവണ്ണാമല ജില്ലയിലെ കാഞ്ചീപുരത്തിന് അടുത്തുള്ള വെമ്പാക്കത്ത് 10 മാസത്തേക്ക് താറാവുകളെ നോക്കാനായിരുന്നു ഇത്. കരാർ കാലയളവിൽ മാതാപിതാക്കൾ കുട്ടിയെ സന്ദർശിക്കുന്നതു വിലക്കിയിരുന്നു.
അതിനിടെ, ഒരു മാസം മുൻപ് കുട്ടിക്കു ജോലിക്കിടെ മഞ്ഞപ്പിത്തം ബാധിച്ചു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എന്നാൽ, ഇതു കുടുംബത്തെ അറിയിക്കുന്നതിനു പകരം മൃതദേഹം രഹസ്യമായി മറവു ചെയ്തു.
കുട്ടിയെക്കുറിച്ച് വിവരം ഇല്ലാതായതോടെയാണു മാതാപിതാക്കൾ പൊലീസിനെ വിവരം അറിയിച്ചത്. അന്വേഷണത്തിന് ശേഷം, കാഞ്ചീപുരം ജില്ലാ പൊലീസും ആന്ധ്ര പൊലീസും ചേർന്നു മൃതദേഹം കണ്ടെടുത്തു.
അനധികൃതമായി തടങ്കലിൽ വയ്ക്കൽ, മനുഷ്യക്കടത്ത്, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്. കടം വീട്ടാൻ ‘പാട്ടം കൊടുക്കൽ’
ഗുണ്ടൂർ ജില്ലക്കാരായ പ്രകാശ് ഏനാതിയുടെയും ഭാര്യ അംഗമ്മാളിന്റെയും ഇളയ മകനാണ് ഒൻപതുവയസ്സുകാരൻ.
ഇവർ ആന്ധ്രയിലെ സത്യവേഡു സ്വദേശികളായ മുത്തു, ധനപാക്യം എന്നിവരുടെ കൈയിൽനിന്ന് 15,000 രൂപ കടംവാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവിനു പകരം മകനെ ‘പാട്ടത്തിന്’ കൊടുക്കുകയായിരുന്നു.
മുത്തുവും ധനപാക്യവും മകൻ രാജശേഖറും വെമ്പാക്കത്താണ് താമസിച്ചിരുന്നത്. ഇവിടെ താറാവുകളെ നോക്കുകയാണ് പണി.
പാട്ടക്കാലാവധി പൂർത്തിയായതിനുപിന്നാലെ മകനെ തിരിച്ചുകൊണ്ടുവരാൻ പ്രകാശും അംഗമ്മാളും കാഞ്ചീപുരത്ത് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടി എവിടെയെന്ന് മുത്തുവും കുടുംബവും വെളിപ്പെടുത്തിയില്ല. പകരം കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു.
ഇതിൽ സംശയം തോന്നിയ കുടുംബം പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഞ്ഞപ്പിത്തം ബാധിച്ച് കുട്ടി മരിച്ച വിവരം അറിയുന്നത്.
മേയ് 21ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]