
ദോഹ: നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ വ്യാപാര പ്രദർശനമായ പ്രോജക്ട് ഖത്തറിന്റെ ഇരുപത്തൊന്നാമത് പതിപ്പിന് മേയ് 26 മുതൽ 29 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകും. ‘നവീകരണവും സുസ്ഥിരതയും: ഖത്തറിന്റെ 2030-ലേക്കുള്ള പാത’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയും പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗൽ) പങ്കാളിത്തത്തോടെയുമാണ് പ്രദർശനം നടക്കുന്നത്. 20 രാജ്യങ്ങളിൽ നിന്നായി 200ലേറെ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ ഇത്തവണ പ്രൊജക്ട് ഖത്തറിൽ പങ്കെടുക്കും. സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിലെ നിർമാണ, വികസന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പങ്കാളികളാകും.
ഖത്തറിലെ പ്രമുഖ ട്രേഡ് ഈവന്റ് ഒർഗനൈസറായ ഐ.എഫ്.പി ഖത്തർ ആണ് സംഘാടകർ. മോസ്കോ എക്സ്പോർട്ട് സെന്ററിൽ നിന്നും ചൈന ഇലക്ട്രോണിക്സ് ചേംബർ ഓഫ് കൊമേഴ്സിൽ നിന്നുമുള്ള ബിസിനസുകാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഉന്നതതല പ്രതിനിധികൾ പങ്കെടുക്കും. നിർമ്മാണ, വ്യാവസായിക മേഖലകളിൽ നൂതനാശയങ്ങളുടേയും സുസ്ഥിര മാർഗങ്ങളുടേയും സ്വീകാര്യത ശക്തിപ്പെടുത്തുന്ന പ്രദർശനത്തിൽ 80-ലധികം അന്താരാഷ്ട്ര കമ്പനികൾ ഭാഗമാവുമെന്നും സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]