
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് ബാറ്റര്‍ ജൊ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നാഴികക്കല്ലാണ് റൂട്ട് പിന്നിട്ടത്. 153 ടെസ്റ്റുകളില്‍ നിന്നാണ് റൂട്ട് റെക്കോര്‍ഡിലേക്ക് എത്തിയത്. ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസിനെയാണ് താരം മറികടന്നത്. 159 മത്സരങ്ങളില്‍ നിന്നായിരുന്നു കാലിസ് സമാന നേട്ടത്തിലേക്ക് എത്തിയത്.
ഫോര്‍മാറ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയാണ് റൂട്ട്. രാഹുല്‍ ദ്രാവിഡ് (160 മത്സരം), റിക്കി പോണ്ടിങ് (162), സച്ചിൻ തെൻഡുല്‍ക്കര്‍ (163) എന്നീ ഇതിഹാസങ്ങളേയും പിന്നിലാക്കിയാണ് റൂട്ടിന്റെ കുതിപ്പ്.
സിംബാബ്വെക്കെതിരായ നാല് ദിന ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് റെക്കോര്‍ഡിലേക്ക് എത്തിയത്. മത്സരത്തിന് മുന്നോടിയായി 28 റണ്‍സായിരുന്നു നേട്ടത്തിലേക്ക് എത്താൻ റൂട്ടിന് ആവശ്യമായിരുന്നത്. 80-ാം ഓവറിലെ ആദ്യ പന്തില്‍ റൂട്ട് ചരിത്രം കുറിച്ചു. പക്ഷേ അധികം വൈകാതെ താരം പുറത്തായി. 44 പന്തില്‍ 34 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.
മത്സരങ്ങളുടെ എണ്ണത്തിലാണ് അതിവേഗം നേട്ടത്തിലേക്ക് എത്താൻ റൂട്ടിനായത്. ഇന്നിങ്സുകളുടെ കണക്കില്‍ വേഗത്തില്‍ 13,000 റണ്‍സിലേക്ക് എത്തിയത് സച്ചിനാണ്. 266 ഇന്നിങ്സായിരുന്നു സച്ചിന് ആവശ്യമായി വന്നത്. രണ്ടാമത് കാലിസാണ്, 269 ഇന്നിങ്സുകള്‍ താരത്തിന് ആവശ്യമായി വന്നു. റിക്കി പോണ്ടിങ്ങും (275), രാഹുല്‍ ദ്രാവിഡുമാണ് (277) മൂന്ന്, നാല് സ്ഥാനങ്ങളില്‍. റൂട്ടിന് 279 ഇന്നിങ്സ് ആവശ്യമായി വന്നു.
2012ല്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ റൂട്ട് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമാണ്. സച്ചിൻ (15921), പോണ്ടിങ് (13378), കാലിസ് (13289), ദ്രാവിഡ് (13288) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.
36 സെഞ്ച്വറികളും റൂട്ടിന്റെ പേരിലുണ്ട്. 51 സെഞ്ച്വറികളുമായി സച്ചിനാണ് ശതകക്കണക്കിലും ഒന്നാമത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]