
മൂന്നാർ : ഇടുക്കി മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കൊണ്ടുപോയി. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ ഇന്ന് പുലർച്ചയാണ് സംഭവം. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്. വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് വൈകിട്ട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.
കടുവയുടെ ജഡം കണ്ടെത്തി
ഇടുക്കി ഗ്രാമ്പിക്ക് സമീപം രാജമുടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കടുവയുടെ ജഡം കണ്ടെത്തി. അഞ്ചു വയസ്സോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയെ കണ്ടതായി ആളുകൾ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടത്. ആനവിലാസം സ്വദേശി പറപ്പളിൽ എബ്രഹാം എന്നയാളുടെ ഏലത്തോട്ടത്തിലാണ് ജഡം കിടന്നിരുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് വെറ്റിനറി ഡോക്ടർ അരുരാജിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുറമെ മുറിവുകളൊന്നും കാണാത്തതിനാൽ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. ജഡം പോസ്റ്റുമോർട്ടത്തിനായി തേക്കടിയിലേക്ക് മാറ്റി.
ആളെക്കൊല്ലി കടുവയെ വെടിവെക്കാനായില്ല
അതേ സമയം, മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടിലെ ആളെക്കൊല്ലി കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും മയക്കുവെടി വെക്കാനായില്ല. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ആളെക്കൊല്ലി കടുവയെ മയക്ക് വെടിവക്കാനുള്ള വനം വകുപ്പിന്റെ ശ്രമം നാളെയും തുടരും. കടുവയെ പിടികൂടുന്നത് വൈകുന്നതിനെതിരെ ഇന്ന് വൈകുന്നേരം നാട്ടുകാര് പ്രതിഷേധിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വക്കുകയും ചെയ്തു. രാത്രികാലത്തും നിരീക്ഷണം ശക്തമാക്കാമെന്നും വൈകാതെ കടുവയെ പിടികൂടാമെന്നുമുള്ള ഉറപ്പിനെ തുടര്ന്നാണ് നാട്ടുകാര് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]