
അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ തോല്‍പ്പിച്ച് രാജസ്ഥാന് റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാലെ ആര്‍സിബിക്കെതിരെ താനടക്കമുള്ള താരങ്ങള്‍ പൂര്‍ണ ഫിറ്റ്നസോടെയല്ല കളിച്ചതെന്ന് തുറന്നു പറഞ്ഞ് രാജസ്ഥാന് നായകന് സഞ്ജു സാംസണ്. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഇയാന്‍ ബിഷപ്പിനോട് സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവിതത്തില്‍ നല്ലതും ചീത്തയുമായാ ദിവസങ്ങളുണ്ടാകുമെന്നാണ് ക്രിക്കറ്റും ജീവിതവും ഞങ്ങളെ പഠിപ്പിച്ചത്. തിരിച്ചുവരാനുള്ള ഊര്ജ്ജമുണ്ടായിരിക്കുക എന്നതാണ് എല്ലായ്പ്പോഴും പ്രധാനം. ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിക്കെതിരെ ഞങ്ങളുടെ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം പ്രതീക്ഷക്കൊത്തുയര്ന്നതില് സന്തോഷമുണ്ട്. ബൗളര്‍മാര്‍ക്കാണ് എല്ലാ ക്രെഡിറ്റും കൊടുക്കുന്നത്. കാരണം എതിരാളികള്‍ എങ്ങനെ ബാറ്റ് ചെയ്യുമെന്നതിന് അനുസരിച്ച് പന്തെറിയാനും ഫീല്‍ഡ് സെറ്റ് ചെയ്യാനും അവര്‍ ശ്രമിച്ചു. ടീം ഡയറക്ടര്‍ സംഗക്കാരക്കും ബൗളിംഗ് കോച്ച് ഷെയ്ന് ബോണ്ടുമെല്ലാം തന്ത്രങ്ങള്‍ മെനയാനായി മണിക്കൂറുകളോളം അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിന് പുറമെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത അശ്വിനും ബോള്‍ട്ടും കാര്യങ്ങള്‍ എളുപ്പമാക്കി. 22 വയസുള്ള പരാഗും ജയ്സ്വാളും ജുറെലുമെല്ലാം നിര്‍ണായക മത്സരങ്ങളില്‍ പുറത്തെടുത്ത പക്വതയാര്‍ന്ന പ്രകടനം അസാമാന്യമാണ്. അതുപോലെതന്നെയാണ് എന്നും സഞ്ജു പറഞ്ഞു. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇയാന്‍ ബിഷപ്പ് സഞ്ജു താങ്കള്‍ ഓക്കെ അല്ലെ എന്ന് ചോദിക്കുകയായിരുന്നു.
ഇതിനാണ് സഞ്ജു അല്ലെന്ന് മറുപടി നല്‍കിയത്. ശരിക്കും ഓക്കെ അല്ല, ഞാന്‍ 100 ശതമാനം ഫിറ്റ് അല്ല ഇന്ന്, ഞാന്‍ മാത്രമല്ല ടീമിലെ പലരും ഡ്രസ്സിംഗ് റൂമിലെ രോഗബാധയെത്തുടര്‍ന്ന് പലരും കടുത്ത ചുമയും മറ്റും കാരണം അസുഖബാധിതരാണ്. നാളെ ചെന്നൈയിലേക്കുള്ള യാത്രയും മറ്റന്നാള്‍ പരിശീലനവുമാണ് ഇനി ഞങ്ങളുടെ മുന്നിലുള്ളത്-സഞ്ജു പറഞ്ഞു.
Last Updated May 23, 2024, 10:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]