
ദില്ലി: 11 യാത്രക്കാരുമായി പോകുന്നതിനിടെ വാനിന്റെ ടയർ പഞ്ചറായി. ടയർ മാറ്റുന്നതിനിടെ കാർ ഇടിച്ച് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ദില്ലി ഹാപൂർ ബൈപ്പാസിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാരുതി ഇക്കോ വാനിലേക്ക് നിയന്ത്രണം നഷ്ടമായി മാരുതി സെലേറിയോ ആണ് ഇടിച്ചത്. പിന്നിൽ നിന്ന് വന്ന കാർ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മാരുതി സെലേറിയോ കാറിൽ ഏഴ് പേരും വളർത്തുനായയും ആയിരുന്നു ഉണ്ടായിരുന്നത്. ഗാസിയാബാദിലെ വിജയ്നഗറിലെ അബേസ് എൻജിനിയറിംഗ് കോളേജിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ടയർ മാറ്റിയിടാൻ ശ്രമിച്ചുകൊണ്ടിരുന്ന ഡ്രൈവർ കാറിന് അടിയിലേക്ക് വീണിരുന്നു. പിന്നാലെ തന്നെ ഇക്കോ കാറിന് തീപിടിക്കുകയായിരുന്നു. ഇക്കോ കാർ ഡ്രൈവർ രാജ്വീർ, ഇക്കോയിലെ യാത്രക്കാരനായ മറ്റൊരാളും സെലേറിയോ കാറിലെ വളർത്തു നായയും അപകടത്തിൽ കൊല്ലപ്പെട്ടു. രാജ്വീർ ഭാഗ്പാത് സ്വദേശിയാണ്. വാനിലെ യാത്രക്കാരനായ രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഉച്ച കഴിഞ്ഞ് 2.26ഓടെയാണ് അപകടത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കാറുകൾ കൂട്ടിയിടിച്ച് തീ പടർന്നുവെന്നാണ് വൈശാലിയിലെ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. ഉടൻ തന്നെ അഗ്നി രക്ഷാ സേനയുടെ രണ്ട് വാഹനങ്ങളാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്.
ഉത്തർപ്രദേശിലെ അംറോഹയിൽ നിന്ന് അനന്ത് വിഹാറിലേക്കുള്ള യാത്രക്കാരായിരുന്നു ഇക്കോ വാനിലുണ്ടായിരുന്നത്. അമിത വേഗതയിലായിരുന്നു സെലേറിയോ കാർ എന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. സെലേറിയോയിലെ യാത്രക്കാർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഫരീദാബാദിൽ നിന്ന് മീററ്റിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സെലേറിയോ കാറിലുണ്ടായിരുന്നവരെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]