
സീറ്റ് എഡ്ജ് ത്രില്ലര്‍ കാണുന്നപോലെ ആസ്വദിക്കാൻ പറ്റുന്ന ബാറ്റിംഗ്. അടുത്ത നിമിഷം അയാളുടെ ബാറ്റില്‍ നിന്ന് എന്ത് സംഭവിക്കുമെന്നത് അണ്‍പ്രെഡിക്റ്റബിളാണ്. ക്രീസില്‍ ഒറ്റക്കാലില്‍ 360 ഡിഗ്രിയില്‍ തിരിഞ്ഞൊരു പുള്‍ ഷോട്ട്, അല്ലെങ്കില്‍ യോര്‍ക്കര്‍ സ്കൂപ്പ് ചെയ്ത് ഗ്യാലറിയില്‍…ഇന്നൊവേറ്റീവ് ഷോട്ടുകളുടെ കലവറയാണ് റിഷഭ് പന്ത്. എന്നാല്‍, 27 കോടി രൂപയുടെ പകിട്ടില്‍, തന്റെ ഗെയിമിന്റെ തിളക്കം നഷ്ടമായ പന്തിനെയാണ് ഐപിഎല്ലിന്റെ 18-ാം സീസണില്‍ ദൃശ്യമാകുന്നത്. ഇനി പന്തിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാം?
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിനെ മുകേഷ് കുമാര്‍ ബൗള്‍ഡാക്കുന്നു. എല്ലാവരും റിഷഭ് പന്തിനെ അടുത്തതായി പ്രതീക്ഷിക്കുകയാണ്. ഇംപാക്ട് സബ്ബായി ആയുഷ് ബഡോണി വരുന്നു. പന്ത് ഡഗൗട്ടിലിരിക്കുമ്പോള്‍ ഒരു ഇംപാക്ട് സബ്ബോ? ഈ ചോദ്യം മനസിലേക്ക് വരാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാകുമോ. വേഗതകുറഞ്ഞ വിക്കറ്റില്‍ മോശം ഫോമിലുള്ള പന്തിനേക്കാള്‍ മികച്ച ഓപ്ഷൻ ബഡോണി തന്നെയാണോ എന്ന ചിന്തയാണോ അത്തരുമാറ്റത്തിന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ പ്രേരിപ്പിച്ചത്? ഇത്തരമൊരു സീസണാണിത് പന്തിന്.
ഒൻപത് മത്സരങ്ങളില്‍ നിന്ന് നേടിയത് 106 റണ്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ 63 റണ്‍സ് മാത്രമാണ് 30 കടന്ന ഏക സ്കോര്‍. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള അഞ്ച് ഐപിഎല്‍ സീസണ് പന്തിന്റെ പേരിലുണ്ട്. ഇത്തവണ സ്ട്രൈക്ക് റേറ്റ് 96 ആണ്. ചെന്നൈക്കെതിരായ ഇന്നിങ്സില്‍ പന്തിന്റെ തനതുശൈലി നിമിഷങ്ങളുണ്ടായിരുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാൻ മാത്രം പന്തുകള്‍ ക്രീസില്‍ താരം നേരിടുകയും ചെയ്തു. പക്ഷേ, അതിന് ഒരു തുടര്‍ച്ച കണ്ടെത്താനാകാതെ പോയി.
നിക്കോളാസ് പൂരാൻ, മിച്ചല്‍ മാര്‍ഷ്, എയ്ഡൻ മാര്‍ക്രം ത്രയത്തിന്റെ പ്രകടനം രൂക്ഷവിമര്‍ശനങ്ങളില്‍ നിന്ന് പന്തിനെ രക്ഷിച്ചിട്ടുണ്ട്. ലക്നൗവിന്റെ ജയങ്ങളും സഹായിച്ചു. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിലേക്കൊരു മടങ്ങിവരവ് പന്ത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐപിഎല്ലിന്റെ രണ്ടാം പകുതി ഗംഭീരമായിരിക്കണം. ഫസ്റ്റ് ഹാഫ് മോശമാണെങ്കിലും ക്ലൈമാക്സുകൊണ്ട് ഹിറ്റാകുന്ന ചില സിനിമകളുണ്ട്, അത്തരമൊന്ന് സംഭവിക്കണം പന്ത് ബാറ്റ് ചെയ്യാനിറങ്ങുന്ന മൈതാനങ്ങളില്‍.
2024 ട്വന്റി 20 ലോകകപ്പിന് ശേഷം കാര്യമായി റിഷഭ് പന്തിലേക്ക് വിക്കറ്റ് കീപ്പിങ് ഗ്ലൗ കൈമാറാൻ ഇന്ത്യ തയാറായിട്ടില്ല എന്നത് വസ്തുതയാണ്. ടെസ്റ്റ് ക്രിക്കറ്റിനപ്പുറം ആ ഉത്തരവാദിത്തം പന്തിലേക്ക് എത്തുന്നതിന്റെ സൂചനകളുമില്ല. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ പ്രകടനത്തോടെ ടെസ്റ്റിലെ സ്ഥാനത്തിനും ഇളക്കം തട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ ദ്രുവ് ജൂറലിനെ ഇതിനോടകം തന്നെ ഇന്ത്യ പരീക്ഷിച്ചുകഴിഞ്ഞു. ഇടം കയ്യൻ ബാറ്ററെന്ന ആനുകൂല്യമായിരുന്നു ട്വന്റി 20 ലോകകപ്പില്‍ സഞ്ജു സാംസണിന് മുകളില്‍ പന്തിന് പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന്. ചാമ്പ്യൻസ് ട്രോഫിയിലേക്ക് എത്തിയപ്പോള്‍ കെ എല്‍ രാഹുലിന്റെ പരിചയസമ്പത്തിന് മുന്നില്‍ ഡഗൗട്ടിലായിരുന്നു പന്തിന്റെ സ്ഥാനം.
ഏകദിനത്തില്‍ രാഹുല്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ഏകദിന ലോകകപ്പിലേയും ചാമ്പ്യൻസ്ട്രോഫിയിലേയും പ്രകടനങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ രാഹുല്‍ സേഫാണെന്ന് കരുതാം. ഇനി മുന്നിലുള്ള ട്വന്റി 20 ടീം മാത്രമാണ്. അടുത്ത വര്‍ഷം കുട്ടിക്രിക്കറ്റ് ലോകകപ്പും വരാനിരിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഹൈ റിസ്ക് ഗെയിം കൈമുതലുള്ള താരം പന്ത് മാത്രമായിരുന്നു. ഇന്നതല്ല സ്ഥിതി. സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് തുടങ്ങിയ ഒരു നിര തന്നെയുണ്ട് പന്തിന് മുന്നിലായി. ഒന്നും അത്ര എളുപ്പമാകില്ലെന്ന് ചുരുക്കം.
ഇഷാൻ കിഷൻ ബിസിസിഐയുടെ കോണ്‍ട്രാക്റ്റിലേക്ക് തിരികെ എത്തിയിരിക്കുന്നു. ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഇഷാൻ നിലവില്‍ പന്തിനൊരു വെല്ലുവിളിയാണെന്ന് പറയാനാകില്ല. ഇനിയുള്ളത് സഞ്ജുവാണ്. ട്വന്റി 20യില്‍ അന്താരാഷ്ട്ര തലത്തില്‍ പന്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സഞ്ജുവിന്റെ കരിയര്‍. ലോങ് ഇന്നിങ്സുകള്‍ കളിക്കാൻ നീലക്കുപ്പായത്തിലും സാധിക്കുമെന്ന് സഞ്ജു തെളിയിച്ചുകഴിഞ്ഞു.
ട്വന്റി 20യില്‍ ഇന്ത്യയുടെ സ്ഥിര ഓപ്പണറാണ് സഞ്ജു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റണ്‍സ് കണ്ടെത്താൻ കഴിയാതെ പോയിരുന്നെങ്കിലും ഐപിഎല്ലില്‍ മികച്ച ടച്ചിലാണ് സഞ്ജു, ഒരു വലിയ സ്കോറിന്റെ അഭാവം ഉണ്ടെന്ന് മാത്രം. അതേസമയം തന്റെ ടച്ചും റിഥവുമെല്ലാം വീണ്ടെടുക്കാൻ കഴിയാതെ സമ്മര്‍ദത്തിലാണ് പന്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി അവശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ക്ക് പന്തിന് സ്വന്തം കരിയറിന്റെ വില തന്നെ നല്‍കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]