
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം. എല്ലാ പ്രതിലോമ ശക്തികളെയും അതിശക്തമായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. വളരെ അടുത്ത് നിന്നാണ് ഭീകരർ വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കർണാടക ഹാവേരി റാണെ ബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]