
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. മരിച്ച 22 പേരെ തിരിച്ചറിഞ്ഞുവെന്നും നാലു പേരെ കൂടി തിരിച്ചറിയാൻ ഉണ്ടെന്നും അധികൃതർ അറിയിച്ചു. അതിനിടെ, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട്(TRF) എന്ന ഭീകര സംഘടന ഏറ്റെടുത്തു. ഏഴ് ഭീകരരാണ് വിനോദ സഞ്ചാരത്തിനെത്തിയവർക്കെതിരെ ആക്രമണം നടത്തിയത്. 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ജമ്മു കാശ്മീരിൽ നാളെ ബന്ദ് ആചരിക്കാൻ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്തു. കടകളടച്ചിട്ട് ദുഖാചരണം നടത്താനാണ് തീരുമാനം. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതായി സൈന്യവും അറിയിച്ചു.
തീവ്രവാദത്തിനെതിരെ ഒന്നിച്ച് നിൽക്കണമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായി ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്കുണ്ടാകും എന്നും ട്രംപ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും ഉൾപ്പെടുന്നതായി വിവരം. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ കല്യാണം ഏപ്രിൽ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയൽ ഓഫിസിൽ ആണ് കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തു വരികയായിരുന്നു.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാൾ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്.
പഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്ട്രോൾ റൂമുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]