
കോഴിക്കോട്: മലയമ്മ നാരകശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചാണകവും പശുക്കളെ കുളിപ്പിച്ച മലിന ജലവും തൊഴുത്തിലെ മാലിന്യങ്ങളും ഒഴുക്കി വിട്ടത് നടവഴിയിലേക്ക്. നാരകശ്ശേരി മലയില്‍ ഇബ്രാഹിമിനെതിരെയാണ് നാട്ടുകാര്‍ പരാതിയുമായെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇബ്രാഹിം നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വഴിയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. അത് കൂടാതെ ഇവയെല്ലാം റോഡില്‍ കെട്ടിനില്‍ക്കുന്ന തരത്തില്‍ ചെറിയ കുഴി നിര്‍മിക്കുകയും ചെയ്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ പഞ്ചായത്ത് അധികൃതര്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കുകയും റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ഇയാള്‍ തയ്യാറായില്ല.
ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇബ്രാഹിം ഒന്നും ചെയ്യാത്തതിനെ തുടര്‍ന്ന് അധികൃതര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ചാത്തമംഗലം പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും പോലീസിന്റെ സഹായത്തോടെ ഇവിടെയെത്തി റോഡില്‍ നിര്‍മിച്ച കുഴികള്‍ മൂടി സഞ്ചാരയോഗ്യമാക്കി. കുഴി നികത്താന്‍ ചിലവഴിച്ച തുക ഇബ്രാഹിമില്‍ നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചാത്തമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജു കെ. നായര്‍, സീനിയര്‍ ക്ലര്‍ക്ക് ബിനീഷ് കുമാര്‍, ജെ.എച്ച്.ഐ അബ്ദുല്‍ ഹക്കിം, ആശാവര്‍ക്കര്‍ ലസിത വി.പി, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്.കെ, ജിനചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
Last Updated Apr 22, 2024, 5:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]