
മൂന്നാര്‍:അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ആദ്യഘട്ടമായി മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങി പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഭക്ഷണ വില്പന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയത്. മൂന്ന് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 102 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഒരാഴ്ചക്കുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്നാര്‍ കൂടാതെ വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന വയനാട്, വാഗമണ്‍, അതിരപ്പിള്ളി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാണ്. ഭക്ഷ്യ വിതരണം നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോടെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കൂടാതെ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
അവധിക്കാലം ആഘോഷിക്കാന്‍ നിരവധി വിനോദ സഞ്ചാരികളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നത്. തിരക്ക് കൂടിയതോടെ ഭക്ഷണ വില്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. വില്പന കൂടുന്നത് സുരക്ഷിതമായ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയേക്കാമുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
Last Updated Apr 22, 2024, 5:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]