
ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാന് റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ജോസ് ബട്ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 59 പന്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നായകൻ സഞ്ജു സാംസണ് 38 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് എട്ട് കളികളില്‍ ആറ് പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 179-9, രാജസ്ഥാന് റോയല്‍സ് 18.4 ഓവറില്‍ 183-1.
തകര്‍പ്പന്‍ തുടക്കം
പവര്‍ പ്ലേയില്‍ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും തകര്‍ത്തടിച്ചതോടെ രാജസ്ഥാന് 61 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ മഴമൂലം കുറച്ചു നേരം കളി തടസപ്പെട്ടു.മത്സരം പുനരാരംഭിച്ചശേഷം ജോസ് ബട്ലറെ പുറത്താക്കിയ പിയൂഷ് ചൗള മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ കണ്ടത് യശസ്വിയുടെയും സഞ്ജുവിന്റെയും മിന്നല്‍ ബാറ്റിംഗായിരുന്നു. 31 പന്തില്‍ സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയിലെത്തിയ യശസ്വി സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ അടിച്ചു പറത്തിയപ്പോള്‍ രണ്ട് തവണ തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ജു മുഹമ്മദ് നബിയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും സിക്സിന് തൂക്കി ജയ്സ്വാളിന് പിന്തുണ നല്കി.
പതിനഞ്ചാം ഓവറില്‍ ജസ്പ്രീത് ബുമ്രയെ പന്തേല്‍പ്പിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ വിക്കറ്റ് പ്രതീക്ഷിച്ചെങ്കിലും നോ ബോളിന് പകരം കിട്ടിയ ഫ്രീ ഹിറ്റ് ബോളില്‍ സിക്സ് അടിച്ച യശസ്വി അടുത്ത പന്ത് ബൗണ്ടറി കടത്തി ആ പ്രതീക്ഷയും തകര്‍ത്തു. ഒടുവില്‍ 59 പന്തില്‍ സെഞ്ചുറിയിലെത്തിയ യശസ്വിയും(104*) സഞ്ജുവും(28 പന്തില്‍ 38*) എട്ട് പന്തും ഒമ്പത് വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാനെ ലക്ഷ്യത്തിലത്തിച്ചു. 60 പന്തില്‍ 104 റണ്‍സെടുത്ത യശസ്വി ഒമ്പത് ഫോറും ഏഴ് സിക്സും പറത്തിയപ്പോള്‍ സഞ്ജു രണ്ട് ഫോറും രണ്ട് സിക്സും പറത്തി.ഐപിഎല്ലില്‍ യശസ്വി ജയ്സ്വാളിന്റെ രണ്ടാം സെഞ്ചുറിയാണിത്. മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ട് ഐപിഎല്‍ സെഞ്ചുറി നേടുന്ന ആദ്യ താരവും യശസ്വിയാണ്.
35 year old Piyush Chawla dismissed Jos Buttler. 🔥
– Chawla, an IPL icon! 💥
— Mufaddal Vohra (@mufaddal_vohra)
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. 45 പന്തില്‍ 65 റണ്‍സെടുത്ത തിലക് വര്‍മയായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍. നെഹാല്‍ വധേര 24 പന്തില്‍ 49 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം നാലോവറില്‍ 18 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹല്‍ ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായി.
Jaiswal in full flow 💥
— JioCinema (@JioCinema)
Last Updated Apr 22, 2024, 11:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]