
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്നും അത്യപൂര്‍വ്വമായൊരു വാര്‍ത്ത. 27 -കാരി ഒരു മണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്. അത്യപൂര്‍വ്വ പ്രസവത്തിലെ നാല് ആണും രണ്ട് പെണ്‍കുട്ടികളും സുഖമായിരിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റാവല്‍പിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നത്. ആറ് കുട്ടികള്‍ക്ക് രണ്ട് പൌണ്ടാണ് ഭാരം (ഒരു കിലോയ്ക്ക് അല്പം കുറവ്). അമ്മയുടെ കുട്ടികളും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഫര്‍സാന മാധ്യമങ്ങളോട് പറഞ്ഞു. സീനത്ത് വഹീദ് എന്ന റാവല്‍പിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികള്‍ ജനിച്ചത്. കുട്ടികളുടെ അച്ഛന്റെ പേര് വഹീദ് എന്നാണ്.
സീനത്തിന്റെ ആദ്യ പ്രസവം സാധാരണമായിരുന്നു. രണ്ടാമത്തെ പ്രസവത്തിലാണ് അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവവേദനയെ തുടര്‍ന്നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യത്തെ രണ്ട് കുട്ടികള്‍ ആണ്‍കുട്ടികളായിരുന്നു. പിന്നീട് പുറത്ത് വന്നത് ഒരു പെണ്‍കുഞ്ഞ്. പിന്നാലെ മറ്റ് കുട്ടികളും പുറത്ത് വന്നു. പ്രസവത്തെ തുടര്‍ന്ന സീനത്ത് ചില സങ്കീര്‍ണതകളിലൂടെ കടന്ന് പോയെങ്കിലും ഇപ്പോള്‍ അവരുടെ ആരോഗ്യം മെച്ചെപ്പെട്ടെന്ന് എമറേറ്റ്സ് 247 എന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ കുട്ടികള്‍ ഇന്ക്യുബേറ്ററിലാണെന്നും ആറ് പേരുടെയും ആരോഗ്യത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഗര്‍ഭങ്ങള്‍ അസാധാരണവും അത്യപൂര്വ്വവുമാണെന്ന് ആരോഗ്യവിദഗ്ദര് പറയുന്നു. ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു അസാധാരണത്വം കാണാനാവുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അടുത്തകാലത്തായി അണ്ഡോത്പാദനം ഉത്തേജിപ്പിക്കുന്ന മരുന്നുകളും ഇൻ വിട്രോ ഫെർട്ടിലൈസേഷന്‍ (IVF)പോലുള്ള പ്രത്യുത്പാദന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് വഴി ഒന്നിലധികം ഗർഭധാരണങ്ങള്‍ സാധാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Last Updated Apr 22, 2024, 5:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]