
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.
നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്. ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പവര്‍ പോയന്റ് പ്രസന്റേഷനാണ് രാജീവിന്റെ ശൈലി. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം.
ആ പരീക്ഷണത്തിന്റെ ആദ്യവേദിയായിരുന്നു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം. പുതിയ കാലത്തിന്റെ രാഷ്ട്രീയക്കാരനില്‍ പുത്തന്‍വോട്ടര്‍മാര്‍ ഉള്‍പ്പടെ അണിനിരന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ നേടിയ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐടി ആന്റ് ഇലക്ട്രോണിക്സിന്റെയും നൈപുണ്യവികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെഗളൂരിവില്‍. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.
2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]