
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്. ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അഫ്ഗാനിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യുണിസെഫിന്റെ അഭ്യർത്ഥന.
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ ഭാവി രക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടൻ പിൻവലിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടത്.
ആറാം ക്ലാസിനു ശേഷം പെൺകുട്ടികൾ പഠിക്കേണ്ട എന്ന തീരുമാനത്തിൽ തുടരുന്നത് 4,00,000 പെൺകുട്ടികൾക്ക് കൂടി വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തിയെന്നും, ഇതോടെ ആകെ സംഖ്യ 2.2 ദശലക്ഷമായെന്നും യുണിസെഫ് പറഞ്ഞു. സ്ത്രീകളുടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നിരോധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. എന്നാൽ താലിബാൻ ഈ വിലക്കിനെ ന്യായീകരിക്കുന്നത് അത് ശരിയത്തിന്റെയോ ഇസ്ലാമിക നിയമത്തിന്റെയോ വ്യാഖ്യാനത്തിന് അനുസൃതമല്ല എന്ന രീതിയിലാണ്.
മൂന്ന് വർഷത്തിലേറെയായി, അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവനയിലൂടെ പറഞ്ഞു. എല്ലാ പെൺകുട്ടികളെയും സ്കൂളിലേക്ക് മടങ്ങാൻ അനുവദിക്കണം. മിടുക്കരായ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ തലമുറകളോളം നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]