
ബെംഗളൂരു: കുട്ടിയെ ദത്തെടുക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ കുട്ടിയെ ദത്തെടുത്തതിന് സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവെന്‍സറും കന്നട ബിഗ്ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ സോനു ശ്രീനിവാസ് ഗൗഡയെ അറസ്റ്റ് ചെയ്തു. താരത്തിനെതിരെ വ്യാഴാഴ്ചയാണ് കേസ് എടുത്തത് എന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്.
29 കാരിയായ സോനു റായ്ച്ചൂരിൽ നിന്ന് എട്ട് വയസുകാരിയെ ദത്തെടുക്കുന്നതിൽ ദത്തെടുക്കൽ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഉദ്യോഗസ്ഥൻ പടിഞ്ഞാറൻ ബെംഗളൂരുവിലെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷനില്‍ നല്കി പരാതിയിലാണ് നടപടി എടുത്തത്.
വ്യാഴാഴ്ചയാണ് സോനുവിനെ അറസ്റ്റ് ചെയ്തത്. ശരിയായ ദത്തെടുക്കൽ നടപടിക്രമങ്ങൾ പാലിക്കാത്തതിന് പിന്നാലെ കുട്ടിയെ ദത്തെടുത്ത ശേഷം കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി സോനു സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ അവകാശങ്ങൾ ഹനിച്ചെന്ന ആരോപണത്തിൽ മാർച്ച് 21 ന് ഗൗഡയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി വഴി ദത്തെടുക്കലിന് ഒരു അപേക്ഷയും സോനു നല്‍കിയിട്ടില്ലെന്നാണ് പരാതി നല്കിയ ചൈൽഡ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ഗീത എസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞത്.
ദത്തെടുത്ത കുട്ടിയെ പൊതുവേദിയിൽ ദത്തെടുത്ത കുട്ടി എന്ന നിലയില്‍ കാണിക്കാന്‍ പാടില്ല. എന്നാല്‍ സോനു അത് ലംഘിച്ചു. സോനു ഔദ്യോഗികമായി ഇതുവരെ ദത്തെടുക്കാൻ അപേക്ഷിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. കുട്ടിയെ പരിപാലിക്കാൻ കെയർടേക്കർക്ക് കഴിവുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് മാത്രമേ അവര്‍ക്ക് ദത്ത് കുട്ടിയെ നല്‍കുള്ളൂ എന്നാണ് നിയമം.
മാത്രമല്ല, സോനു അവിവാഹിതയാണ്. ദത്തെടുക്കുന്ന മാതാപിതാക്കളും കുട്ടിയും തമ്മിൽ 25 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരിക്കണം എന്നാണ് നിയമം. അതേ സമയം കുട്ടിയുടെ കുടുംബത്തിന് പ്രതിഫലം നല്‍കിയാണ് കുട്ടിയെ ദത്തെടുത്തത് എന്ന് സോനു തന്നെ സോഷ്യല്‍ മീഡിയ വീഡിയോയില്‍ പറയുന്നു. അതിനാല്‍ ഇത് കുട്ടിയെ വിറ്റതാണോ എന്ന് അന്വേഷിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.
Last Updated Mar 23, 2024, 6:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]