
ദില്ലി: മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇഡി കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിതെന്നും മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങിയെന്നും ഇഡി ആരോപിച്ചു. കെജ്രിവാളിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിൻ. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചു. ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു. ഹവാല വഴിയും പണമിടപാട് നടന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎൽഎ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്. പാർട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിച്ചു.
ദില്ലി മുഖ്യമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവും കേസിൽ ഇല്ലെന്ന് കെജ്രിവാളിനായി മനു അഭിഷേക് സിംഗ്വി വാദിച്ചു. നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് ഇഡി തെളിവായി പറയുന്നത്. എന്നാൽ പണം എങ്ങോട്ടൊക്കെ പോയെന്നതിന് തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. എഎപിയുടെ നാല് മുതിര്‍ന്ന നേതാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ അറസ്റ്റിന്റെ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് ഇഡി പറയുന്നില്ല. അന്വേഷണ ഏജൻസി പറയുന്നത് കേൾക്കുന്ന റബ്ബര്‍ സ്റ്റാമ്പല്ല കോടതി. അതിനാൽ റിമാന്റ് ചെയ്യുന്നതിൽ വിവേചന അധികാരം കോടതിക്ക് ഉണ്ട്. വലിയ വ്യവസായികളാണ് കേസിലെ സാക്ഷികളെന്നും സിംഗ്വി പറഞ്ഞു.
Last Updated Mar 22, 2024, 9:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]