
ബ്രിട്ടീഷ് രാജകുടുംബത്തിന് കിട്ടുന്ന രണ്ടാമത്തെ കനത്ത അടി ; ചാള്‍സ് രാജാവിന് പിന്നാലെ 42 കാരിയായ മരുമകൾ കെയ്റ്റ് രാജകുമാരിക്കും കാൻസര്‍ സ്ഥിരീകരിച്ചു ; കാൻസർ എന്ന വിധിയുമായി താദാത്മ്യം പ്രാപിക്കുവാനും, കുട്ടികളോട് ഇത് തുറന്ന് പറയുവാനും ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നതായി കെയ്റ്റ് ; രാജകുമാരിക്ക് രാജ്യത്തിന്റെ മുഴുവൻ സ്നേഹവും പിന്തുണയും പ്രാർത്ഥനകളും
സ്വന്തം ലേഖകൻ
ലണ്ടൻ: ഊഹോപോഹങ്ങള്‍ക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കുമൊക്കെ വിരാമമിട്ടുകൊണ്ട് കെയ്റ്റ് രാജകുമാരി തന്നെ തനിക്ക് കാൻസർ ആണെന്ന വിവരം സ്ഥിരീകരിച്ചു.
ഏറെ വൈകാരികത നിറഞ്ഞ ഒരു വ്യക്തിപരമായ വീഡിയോ സന്ദേശത്തിലൂടെയാണ് രാജകുമാരി ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ആദ്യം ലണ്ടൻ ക്ലിനിക്കില്‍ ഒരു മെജർ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായ സമയത്താണ് കാൻസർ ബാധ കണ്ടെത്തിയതെന്ന് കെയ്റ്റ് രാജകുമാരി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രിവന്റീവ് കീമോതെറാപ്പി ആരംഭിക്കുന്നതിന് മുൻപായി ശസ്ത്രക്രിയയുടേ അനന്തര ഫലങ്ങളില്‍ നിന്നും മുക്തി നേടണം എന്നാണ് മെഡിക്കല്‍ ടീം ഉപദേശിച്ചതെന്നും അവർ പറഞ്ഞു. തീർത്തും ഞെട്ടലോടെയായിരുന്നു കാൻസർ ആണെന്ന വാർത്ത ശ്രവിച്ചതെന്ന് പറഞ്ഞ കെയ്റ്റ് രാജകുമാരി തങ്ങളുടെ കുട്ടികളെ ഓർത്ത് ഇക്കാര്യം പരമാവധി രഹസ്യമാക്കി വയ്ക്കാനായിരുന്നു താനും വില്യമും ശ്രമിച്ചതെന്നും പറഞ്ഞു.
ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന് കിട്ടുന്ന രണ്ടാമത്തെ കനത്ത അടിയാണ്. നേരത്തെ ചാള്‍സ് രാജാവിന് കാൻസർ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ മരുമകള്‍ കെയ്റ്റ് രാജകുമാരിക്കും. ഈ വാർത്ത പുറത്തു വന്ന ഉടനെ രാജാവ് തന്റെ പ്രിയെപ്പെട്ട മരുമകള്‍ക്ക് സാന്ത്വനമേകി രംഗത്ത് വന്നു. രോഗവിവരം തുറന്ന് പറഞ്ഞ കാതറിന്റെ ധൈര്യത്തെ കുറിച്ച് അഭിമാനമുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഉദര ശസ്ത്രക്രിയയ്ക്കായി ലണ്ടൻ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത് മുതല്‍ കെയ്റ്റിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി ഊഹോപോഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉയർന്ന് വരികയും ചെയ്തു. പിന്നീട് മാതൃദിനത്തില്‍ എഡിറ്റ് ചെയ്ത ഫോട്ടോ പങ്കുവച്ചതോടെ ഇവയ്ക്കെല്ലാം ശക്തി വർദ്ധിക്കുകയും ചെയ്തു.
കാൻസർ എന്ന വിധിയുമായി താദാത്മ്യം പ്രാപിക്കുവാനും, തന്റെ കുട്ടികളോട് ഇത് തുറന്ന് പറയുവാനും തനിക്ക് ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നതായി കെയ്റ്റ് വീഡിയോയില്‍ പറയുന്നു. അതുകൊണ്ടാണ് ഇക്കാര്യം പരസ്യപ്പെടുത്താൻ വൈകിയതെന്നും അവർ പറയുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്‍ തങ്ങളുടെ കുടുംബത്തിന് ഏറെ ക്ലേശകരമായിരുന്നു എന്ന് പറഞ്ഞ കെയ്റ്റ് പക്ഷെ തനിക്ക് നല്ല രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്ന സമർത്ഥരായ ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘം ഉണ്ടെന്നും പറഞ്ഞു.
ഭർത്താവ് വില്യം രാജകുമാരൻ നല്കുന്ന പിന്തുണയും കരുതലും എടുത്തു പറഞ്ഞ കെയ്റ്റ്, മേജർ ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളില്‍ നിന്നും മുക്തി നേടുവാൻ ഏറെ സമയമെടുത്തതാണ് ചികിത്സ വൈകാൻ കാരണമായതെന്ന് അറിയിച്ചു. എന്നാല്‍, ഏറ്റവും പ്രധാന കാരണം, മക്കള്‍ക്ക് വിഷമം ഉണ്ടാകാത്ത രീതിയില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക എന്നതായിരുന്നു എന്നും കെയ്റ്റ് വീഡിയോയില്‍ പറയുന്നു.
ബുധനാഴ്ച്ച വിൻഡ്സറില്‍ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ചാ വിഷയമാകുന്നത് മക്കളെ ബാധിക്കാതിരിക്കാനായി ഈസ്റ്റർ സ്കൂള്‍ അവധി ആരംഭിക്കുന്ന ആദ്യത്തെ ദിവസമാണ് ഇത് പുറത്ത് വിട്ടത്. കഴിഞ്ഞ ക്രിസ്ത്മസ്സ് ആഗോഷ വേളയില്‍ നോർഫോക്കിലെ സാൻഡിങ്ഹാമില് കുടുംബത്തോടൊപ്പം പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുത്തതാണ് രാജകുമാരി അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്. പിന്നീട് കഴിഞ്ഞ വാരാന്ത്യത്തില്‍ ഭർത്താവ് വില്യം രാജകുമാരനൊപ്പം കെയ്റ്റ് രാജകുമാരി ഔർ ഫാം ഷോപ്പിലും കാണപ്പെട്ടിരുന്നു.
കെയ്റ്റിന് എത്രനാള്‍ ചികിത്സ വേണ്ടി വരും എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, സുഖം തോന്നുന്നതിനനുസരിച്ചും മെഡിക്കല്‍ ഉപദേശമനുസരിച്ചും ഇടയ്ക്കൊക്കെ രാജകുമാരി പൊതു പരിപാടികളില്‍ പങ്കെടുത്തേക്കും. എന്നാല്‍, പൂർണ്ണമായും ചുമതലകള്‍ ഏറ്റ് പ്രവർത്തിക്കാൻ ഇടയില്ല. രാജ്യത്തിന്റെ മുഴുവൻ സ്നേഹവും പിന്തുണയും പ്രാർത്ഥനകളും രാജകുമാരിക്കുണ്ടെന്ന് വിവരം അറിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരീൻ ജീൻ പിയേറയും രാജകുമാരിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]