
സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഇത് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവുമുണ്ടാകും. പെരുമാറ്റ ചട്ടം ലംഘിച്ചാൽ കമ്മീഷൻ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കും.
പൊതുവായ പെരുമാറ്റം
രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള വിമർശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുൻകാല പ്രവർത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തിരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ല. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകൾക്ക് പുറത്ത് പിക്കറ്റിംഗ്, പ്രകടനം എന്നിവ നടത്തിയാൽ നടപടി സ്വീകരിക്കും.
യോഗങ്ങള്‍
പൊതു യോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും അതാത് ലോക്കല്‍ പൊലീസിൻ്റെ അനുമതി വാങ്ങണം.
ജാഥകൾ
എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര് പാര്ട്ടിക്കാര് റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.
പോളിങ് ദിവസം
പോളിങ് ദിവസം പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോളിങ് ബൂത്തിനകത്ത് തിരിച്ചറിയൽ ബാഡ്ജുകൾ ധരിക്കണം. ബാഡ്ജുകളിൽ പാർട്ടികളുടെ പേര്, ചിഹ്നം, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാധുവായ പാസ്സാേ, അധികാര പത്രമോ ഇല്ലാതെ ആരെയും പോളിംഗ് ബൂത്തിൽ പ്രവേശിപ്പിക്കില്ല.
നിരീക്ഷകർ
മാതൃകാ പെരുമാറ്റ ചട്ടലംഘനം സ്ഥാനാർത്ഥികൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ നിരീക്ഷകനേയും ഡിഇഒ, ആർ ഒ എന്നിവരെയോ അറിയിക്കാം.
അധികാരത്തിലുള്ള പാർട്ടി
മന്ത്രിമാർ ഔദ്യോഗിക സന്ദർശനങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുകയോ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുകയാേ ചെയ്യരുത്. പൊതു ഖജനാവിന്റെ ചെലവിൽ പരസ്യം പാടില്ല. സാമ്പത്തിക സഹായം, പദ്ധതികൾ സംബന്ധിച്ച് വാഗ്ദാനം, പുതിയ പദ്ധതികൾക്ക് തറക്കല്ലിടൽ എന്നിവ അനുവദനീയമല്ല. പൊതു ഇടങ്ങളും റസ്റ്റ് ഹൗസുകളും ഭരണകക്ഷികൾക്ക് മാത്രമാകാതെ എല്ലാ പാർട്ടികൾക്കും തുല്യമായ പ്രവേശനം ഉണ്ടായിരിക്കണം.
പ്രകടനപത്രിക
1. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അഴിമതിയല്ല.
2. ഭരണഘടന തത്വങ്ങൾക്കും ആശയങ്ങൾക്കും വിരുദ്ധമായതൊന്നും പ്രകടനപത്രികയിൽ ഉണ്ടാകാൻ പാടില്ല.
3. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ യുക്തിക്ക് നിരക്കുന്നതും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സ്രോതസുകൾ സൂചിപ്പിക്കുന്നതുമാകണം.
4. വിവേചനാധികാരമുള്ള ഫണ്ടിൽ നിന്നും സഹായങ്ങൾ പാടില്ല.
5. വോട്ടർമാരെ സ്വാധീനിക്കുന്ന പുതിയ പദ്ധതികൾ, സഹായങ്ങൾ എന്നിവ പ്രഖ്യാപിക്കാൻ പാടില്ല.
കമ്മീഷന്റെ അനുവാദമില്ലാതെ തുടരാവുന്ന പ്രവൃത്തികൾ
1. മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ആരംഭിച്ച പ്രവൃത്തികൾ ‘
2. തൊഴിലുറപ്പ് പദ്ധതി പോലെ ഗുണഭോക്താക്കളെ നിലവിൽ തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾ.
3. പൂർത്തിയാക്കിയ പദ്ധതിയുടെ തുക നൽകൽ.
4. ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് കമ്മീഷന്റെ മുൻകൂർ അനുമതി വേണം.
5. അടിയന്തര പ്രാധാന്യമുള്ള ദുരിതാശ്വാസ പ്രവൃത്തികൾ ഏറ്റെടുക്കാം.
6. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പരസ്യങ്ങളോ ഹോൾഡിങ്ങുകളോ പാടില്ല.
7. വോട്ടർമാരെ അന്യായമായി സ്വാധീനിക്കുന്നതും തിരഞ്ഞെടുപ്പിന്റെ പരിശുദ്ധിക്ക് കളങ്കം ചാർത്തുന്നതുമായ വാഗ്ദാനങ്ങൾ ഒഴിവാക്കണം.
8. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം നൽകി വോട്ടർമാരുടെ വിശ്വാസം ആർജിക്കുവാൻ ശ്രമിക്കേണ്ടതാണ്.
9. പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പ്രവൃത്തികൾ കർമ്മ പഥത്തിലെത്തിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കിയിരിക്കണം.
10 . നിശ്ശബ്ദ പ്രചാരണ കാലയളവിൽ ഒരുകാരണവശാലും പ്രകടന പത്രിക പ്രസിദ്ധീകരിക്കരുത്.
ശ്രദ്ധിക്കേണ്ടവ
വിവിധ വിഭാഗക്കാർ തമ്മിൽ സ്പർധ ഉണ്ടാക്കുന്ന പ്രചാരണങ്ങളാേ വ്യക്തിയുടെ സ്വകാര്യജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ പാടില്ല. പൊതുജനങ്ങൾക്ക് മുൻകൂർ അനുമതി വേണം. അത്തരം പരിപാടികൾ ജില്ലാ ഭരണകൂടം വീഡിയോഗ്രാഫിയിലൂടെ സ്പഷ്ടമായി നിരീക്ഷിക്കും. ഇത്തരം പരിപാടികളുടെ ചെലവ് ഐപിസി എസ്.171 എച്ച് പ്രകാരം വകയിരുത്തണം.
കൊടിതോരണങ്ങൾ
ഒരു സ്ഥലത്ത് ഒരു സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ പരമാവധി 3 കൊടികൾ മാത്രമേ പ്രദർശിപ്പിക്കാവൂ. ഒരാൾക്ക് ഒന്നിലധികം പാർട്ടികളുടെ കൊടികൾ പ്രദർശിപ്പിക്കണമെങ്കിൽ ഒരു പാർട്ടി/സ്ഥാനാർത്ഥിക്ക് ഒന്ന് എന്ന രീതിയിലെ പാടുള്ളൂ. വാഹനങ്ങളിൽ പരമാവധി ഒരടി × അരയടി വലിപ്പത്തിലുള്ള ഒരു കൊടി മാത്രമേ പാടുള്ളൂ. കൊടികെട്ടുന്ന പോളിന് 3 അടിയിൽ കൂടുതൽ നീളം പാടില്ല. വാഹനങ്ങളിൽ ബാനർ പാടില്ല. റോഡ് ഷോകൾക്ക് ആറ് അടി × നാല അടി വലിപ്പത്തിലെ ബാനർ കൈയ്യിൽ പിടിക്കാം. ഒന്നോ രണ്ടോ ഉചിതമായ ചെറിയ സ്റ്റിക്കറുകൾ ഓരോ വാഹനത്തിലും പതിക്കാം. സ്പോട്ട് ലൈറ്റ്/സെർച്ച് ലൈറ്റ്/ഫ്ലാഷ് ലൈറ്റ് /സൈറൺ എന്നിവ വാഹനങ്ങളിൽ അനുവദനീയമല്ല.
സ്വകാര്യവ്യക്തിയുടെ സ്ഥലം / വാഹനങ്ങൾ
1. സ്വകാര്യവസ്തുവിൽ/കെട്ടിടത്തിൽ കൊടി/ബാനർ എന്നിവ കെട്ടുന്നതിന് ഉടമയുടെ സ്വമേധയായുള്ള അനുമതി ആവശ്യമാണ്.
2. സംസ്ഥാനത്ത് പ്രാദേശികമായുള്ള നിബന്ധനകൾ ബാധകം.
3. സ്വകാര്യ വാഹനങ്ങളിൽ കൊടി, സ്റ്റിക്കർ എന്നിവ ഉപയോഗിക്കുമ്പോൾ അത് മറ്റ് യാത്രക്കാർക്ക് പ്രയാസം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം.
4. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ചതൊഴികെയുള്ള ഒരു കൊമേഴ്സ്യൽ വാഹനവും പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല.
5. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാൽ അനധികൃത പ്രചാരണ സമഗ്രഹികൾ സർക്കാർ വസ്തുവകകളിൽ നിന്ന് 24 മണിക്കൂറിനകവും പൊതുഇടങ്ങളിൽ നിന്നും 48 മണിക്കൂറിനുള്ളിലും സ്വകാര്യ വസ്തുവിൽ നിന്ന് 72 മണിക്കൂറിനുള്ളിലും നീക്കം ചെയ്യണം.
സ്ഥാനാർത്ഥികളുടെ/രാഷ്ട്രീയ പാർട്ടികളുടെ താത്കാലിക ഓഫീസ്
രാഷ്ട്രീയപാർട്ടികളുടെ താൽക്കാലിക ഓഫീസ് കയ്യേറ്റ ഭൂമി, ആരാധനാലയങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോളിംഗ് സ്റ്റേഷൻ്റെ 200 മീറ്റർ പരിധിയിൽ എന്നിവിടങ്ങളിൽ അനുവദനീയമല്ല. പാർട്ടി ചിഹ്നം/ഫോട്ടോ അടങ്ങിയിട്ടുള്ള ഒരു കൊടി/ബാനർ മാത്രമേ പാടുള്ളൂ. ബാനറിന്റെ വലിപ്പം 4 അടി x 8 അടിയിൽ അധികരിക്കരുത്. ചെലവ് നിരീക്ഷകൻ താത്കാലിക ഓഫീസ് നിരീക്ഷിക്കുകയും അതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കിൽ ഉൾക്കൊള്ളിക്കുകയും ചെയ്യും.
മറ്റ് നിബന്ധനകൾ
പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്. പ്രതിരോധസേന/സേനാംഗങ്ങൾ എന്നിവരുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടില്ല. ബാലവേല പാടില്ല. പ്ലാസ്റ്റിക്/പോളിത്തീൻ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 23, 2024, 4:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]