
കൊച്ചി: ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷനായിരുന്ന ടി പി ശ്രീനിവാസനെ മർദ്ദിച്ച നടപടിയെ ന്യായീകരിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ വിമർശനവുമായി മുരളി തുമ്മാരുകൂടി. ഒരു പതിറ്റാണ്ടു കഴിഞ്ഞും ഓരോ (തെറ്റായ) കാര്യങ്ങൾ പറഞ്ഞു അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് ടി പി ശ്രീനിവാസനെ തല്ലി വീഴ്ത്തിയതെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആര്ഷോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളി തുമ്മാരകുടിയുടെ വിമർശനം.
‘ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാൻ ആയിരുന്ന ടി.പി ശ്രീനിവാസനെ തല്ലി വീഴ്ത്തിയത്. ഒരു പതിറ്റാണ്ടു കഴിഞ്ഞും ഓരോ (തെറ്റായ) കാര്യങ്ങൾ പറഞ്ഞു അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. “തെറി പറഞ്ഞിട്ടില്ല എന്ന് ശ്രീനിവാസൻ പറഞ്ഞിട്ടില്ല” എന്നാണ് ഇപ്പോഴത്തെ ന്യായം. ഉണ്ട്, അദ്ദേഹം ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ 2016 ലെ ഫേസ്ബുക്ക് പോസ്റ്റിൽ. ഇംഗ്ളീഷിൽ ഉള്ള പോസ്റ്റിന്റെ ഗൂഗിൾ മലയാള പരിഭാഷ താഴെ കൊടുക്കുന്നു’- ടിപി ശ്രീനിവാസന്റെ കുറിപ്പ് മലയാളത്തിലാക്കി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു. പുതിയ തലമുറ നേതൃത്വത്തിൽ പ്രതീക്ഷ ഉണ്ടാകണം എന്നാണ് എപ്പോഴും എന്റെ ആഗ്രഹം. അത് പലപ്പോഴും സാധിക്കാറില്ലെന്നും തുമ്മാരുകുടി പറയുന്നു.
ടിപി ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ തർജ്ജമ
“വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാൻ ഞാൻ അവരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒരു തെറ്റായ പ്രചാരണം നടക്കുന്നത് കാണുന്നതിൽ എനിക്ക് വിഷമമുണ്ട്. ആക്രമണത്തിന് ശേഷവും ഞാൻ അവരോട് അങ്ങേയറ്റം മര്യാദയും സൗഹൃദവുമായിരുന്നുവെന്ന് വീഡിയോ ക്ലിപ്പുകൾ കാണുന്ന ആർക്കും മനസ്സിലാകും. എനിക്ക് അടുത്തെങ്ങും ഒച്ചവെക്കാൻ പോലീസുകാരില്ലായിരുന്നു. മാത്രമല്ല, ഞാൻ പറഞ്ഞതായി കരുതപ്പെടുന്ന വാക്കുകൾ എൻ്റെ പദാവലിയിലില്ല. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്, ആക്രമണത്തെ സാർവത്രികമായി അപലപിച്ചതിലുള്ള നിരാശയിൽ നിന്നാണ് ഇത് ഉടലെടുത്തത്.”
2016 ലാണ് ടി പി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് മർദിക്കുന്നത്. കോവളത്ത് വെച്ച് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് മർദിച്ചത്. എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റും വിളപ്പിൽ ഏരിയാ പ്രസിഡന്റുമായിരുന്ന ശരത് ആയിരുന്നു മർദനത്തിന് പിന്നിൽ. എസ്എഫ്ഐ നേതാക്കളെ അസഭ്യം പറഞ്ഞതുകൊണ്ടാണ് മർദ്ദിച്ചതെന്നായിരുന്നു ശരതിന്റെ വാദം. ടി പി ശ്രീനിവാസന്റെ മുഖത്ത് ശരത് അടിക്കുന്നതും അടിയേറ്റ് അദ്ദേഹം നിലത്തുവീഴുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ അന്ന് വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]