
തിരുവനന്തപുരം : ദേശീയ ഗെയിംസില്‍ വെള്ളി നേടിയ ബീച്ച് ഹാന്‍ഡ്ബോൾ വനിതാ ടീമിനെ അവഹേളിച്ച കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ പരസ്യ പ്രതികരണവുമായി ഹാന്‍ഡ് ബോള്‍ അസോസിയേഷന്. ടീമിനെ പിന്തുണച്ചതിന്റെ പേരിൽ തന്നെ തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും വനിതാ താരങ്ങളെ അപമാനിച്ച മന്ത്രി മാപ്പു പറയുകയാണ് വേണ്ടതെന്നും ഹാന്‍ഡ്ബോൾ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജനറൽ കൂടിയായ എ എസ് സുധീർ പറഞ്ഞു.
സര്‍ക്കാരിൽ നിന്ന് ഹോണറേറിയം വാങ്ങി സർക്കാരിനെതിരായ പ്രചരണത്തിൽ പങ്കെടുത്തിനാണ് സുധീറിനെ മാറ്റിയതെന്നും നടപടിക്കെതിരെ ഒളിമ്പിക് അസോസിയേഷന് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു കേരള സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്റ് യു ഷറഫലിയുടെ പ്രതികരണം
ദേശീയ ഗെയിംസില്‍ കേരളത്തിന്റേത് ദയനീയ പ്രകടനം. ഇതിന്റെ കാരണങ്ങൾ അന്വേഷിച്ച് പരിഹാര നടപടികൾ സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പക്ഷെ പരസ്പരം ചെളിവാരിയെറിഞ്ഞ് മല്‍സരിക്കുകയാണ്. കായിക മന്ത്രി വി അബ്ദുറഹ്മാന്‍രെ പ്രസ്താവനയോടെയാണ് വനിതാ ബീച്ച് ഹാന്‍ഡ്ബോള്‍ ടീമിനെ അപമാനിച്ചെന്ന വിവാദം കത്തിയത്.
ഹരിയാനക്ക് സ്വര്‍ണം സമ്മാനിക്കാന്‍ ടീം ഒത്തുകളിച്ചെന്നായിരുന്നു മന്ത്രിയുടെ ആരോപണം. പ്രതിഷേധവുമായി ടീമംഗങ്ങൾ സ്പോര്‍ട്സ് കൗണ്‍സിൽ ആസ്ഥാനത്തിന് മുന്നിലെത്തി. ഇവരെ സമരത്തിന് ഇറക്കിവിട്ടു എന്നാരോപിച്ചാണ് ഹാന്‍ഡ്ബോള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജനറല്‍ കൂടിയായ എ എസ് സുധീറിനെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് കായിക വകുപ്പ് ഇന്നലെ പുറത്താക്കിയത്. മന്ത്രിക്കെതിരെ തിരിച്ചടിച്ചാണ് സുധീറിന്റെ പ്രതികരണം.
സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു ഷറഫലിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുധീറിനെ നീക്കിയത്. സര്‍ക്കാരിന്റെ ഹോണറേറിയം വാങ്ങി സർക്കാരിനെതിരെ തിരിഞ്ഞാൽ പിന്നെ എന്ത് ചെയ്യണമെന്ന് ഷറഫലിയുടെ ചോദ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]