
കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി പരസ്യ പ്രതികരണത്തിന് വീണ്ടും മുതിർന്ന ശശിതരൂർ അർത്ഥമാക്കുന്നത് എന്താണ് എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. കേരളത്തിലൂന്നിയാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കഠിനാദ്ധ്വാനം ഇല്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും കേരളത്തിലെ പാർട്ടിക്ക് നേതൃത്വപ്രതിസന്ധിയുണ്ടെന്നുമാണ് തരൂർ ഇന്ന് പുറത്തുവന്ന അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത് . ഇത് മറ്റുപലതും ലക്ഷ്യമിട്ടാണെന്നാണ് വ്യക്തം.
കോൺഗ്രസിൽ നിന്ന് പുറത്തേക്ക്?
ഒരു കോൺഗ്രസ് എംപിയാണ് തരൂർ എങ്കിലും അദ്ദേഹം പൂർണമായും ഒരു കോൺഗ്രസുകാരനോ, രാഷ്ട്രീയക്കാരനോ അല്ലെന്ന് എല്ലാവർക്കും അറിയാം. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടി ജനറലാവാൻ മത്സരിച്ചതോടെയാണ് ശശിതരൂരിനെ കൂടുതൽപേർ ശ്രദ്ധിച്ചതും വിശ്വപൗരൻ എന്ന മേൽവിലാസം ചാർത്തിക്കിട്ടിയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയപ്പോൾ പാർലമെന്റിലെത്താൻ ഏറ്റവും നല്ല വഴി കോൺഗ്രസാണെന്ന് അദ്ദേഹം വ്യക്തമായി മനസിലാക്കുകയും കോൺഗ്രസിൽ ചേരുകയായിരുന്നു എന്നുമാണ് പലരും പറയുന്നത്.
തരൂരിനെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ ശക്തമായ എതിർപ്പാണുണ്ടായത്. കോൺഗ്രസ് സംസ്ഥാന നേതൃത്വം പോലും ഹൈക്കമാൻഡിനെ എതിർപ്പറിയിച്ചു എന്നത് അന്ന് മാദ്ധ്യമങ്ങളെല്ലാം വാർത്തയാക്കിയതാണ്. എന്നാൽ ഹൈക്കമാൻഡ് അനുകൂലമായതോടെ തരൂർ സീറ്റുറപ്പിക്കുകയും പല പാർട്ടി കേന്ദ്രങ്ങളുടെയും നിസ്സഹകരണമുണ്ടായിട്ടും നല്ല ഭൂരിപക്ഷത്തിൽ വിജിച്ച് മന്ത്രിയാവുകയും ചെയ്തു. തുടർന്നുള്ള പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ശക്തരായ എതിരാളികളോട് മത്സരിച്ച് വിജയിക്കുകയും ചെയ്തു. തരൂർ അല്ലാതെ മറ്റേതെങ്കിലും സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയേനെ എന്നാണ് തരൂരിനെ അനുകൂലിക്കുന്നവർ പറയുന്നത്.
ലക്ഷ്യം കേരളം?
കേരളമാണ് തനിക്ക് എപ്പോഴും രക്ഷയാകുന്നതെന്ന് തരൂരിന് നന്നായി അറിയാം. മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ തരൂരിന് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് കേരളത്തിൽ നിന്നാണ്. കോൺഗ്രസിന് കാര്യമായ വേരോട്ടമുള്ള സംസ്ഥാനങ്ങളെല്ലാം തരൂരിനോട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. ആദ്യത്തെ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സപ്പോർട്ട് കേരളത്തിൽ തനിക്ക് ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. കോൺഗ്രസിനെ എതിർക്കുന്നവർ പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്നും തന്റെ സംസാരവും പെരുമാറ്റവും തിരുവനന്തപുരത്തുകാർക്ക് ഇഷ്ടമാണെന്നും ആ രീതിയിലുള്ള ഇടപെടലാണ് 2026ലും പാർട്ടിക്ക് ആവശ്യമെന്നും പറയുന്നതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്താണെന്ന് വ്യക്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
രണ്ടുവർഷം മുമ്പ് കേരളത്തിൽ പലയിടത്തും തരൂരിന് പാർട്ടി അണികളും അനുഭാവികളും സ്വീകരണം ഒരുക്കിയത് കോൺഗ്രസിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ആരും അത്ര പെട്ടെന്നൊന്നും മറക്കില്ല. സ്വയം ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് തരൂർ ഇതെല്ലാം ചെയ്തതെന്നാണ് പല കോൺഗ്രസുകാരും അന്ന് പറഞ്ഞത്. കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവർത്തകർ കരുതുന്നുണ്ടെന്ന് ഇന്നത്തെ അഭിമുഖത്തിൽ തരൂർ പറയുക കൂടി ചെയ്തോടെ രണ്ടുവർഷം മുമ്പ് കോൺഗ്രസുകാർ പറഞ്ഞത് വെറും വാക്കായിരുന്നില്ലെന്നാണ് വ്യക്തമായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഇനിയൊന്നും ചെയ്യാനില്ല
കോൺഗ്രസിൽ ദേശീയ തലത്തിൽ നിന്നുകൊണ്ട് തനിക്ക് ഇനി ഒന്നും ചെയ്യാനില്ല എന്ന് തരൂരിന് വ്യക്തമായി അറിയാം. ആ നിലയ്ക്കാണ് കേരളത്തിലേക്ക് തരൂർ കണ്ണെറിയുന്നത് എന്ന് വ്യക്തം. കേരളത്തിലെ വികസനത്തെ പ്രകീർത്തിച്ചുകൊണ്ട് നേരത്തേ എഴുതിയ ലേഖനത്തിലെ പരാമർശവും ഇത് ലക്ഷ്യമിട്ടുതന്നെയാണെന്നാണ് അവർ പറയുന്നത്. നല്ലത് ആരുചെയ്താലും നല്ലതെന്ന് പറയുമെന്ന തരൂരിന്റെ വാക്കുകൾ കോൺഗ്രസുകാരല്ലവരുടെ പിന്തുണകൂടി നേടുക എന്ന ലക്ഷ്യമിട്ടല്ലേ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിലെ പ്രശ്നത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് തരൂർ സ്വീകരിക്കുന്നത് ആദ്യമായല്ല. കെ റെയിലിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോഴും ലുലുമാളിന്റെ ഉദ്ഘാടനവേദയിൽ മുഖ്യമന്ത്രിയെ വേദയിലിരുത്തി നടത്തിയ പുകഴ്ത്തലുമൊക്കെ കോൺഗ്രസ് നേതൃത്വത്തിന് ഒട്ടും ദഹിച്ചിരുന്നില്ല.
കൈവിട്ടാൽ കടുത്ത പ്രതിസന്ധി
നിലവിലെ അവസ്ഥയിൽ തരൂരിനെ പുറത്താക്കാൻ കോൺഗ്രസ് പാർട്ടിയോ കോൺഗ്രസിൽ നിന്ന് പുറത്തുപോകാൻ തരൂരോ താൽപ്പര്യപ്പെടില്ല. തരൂരിനെ പുറത്താക്കിയാൽ അദ്ദേഹത്തിന് എംപി സ്ഥാനം രാജിവയ്ക്കേണ്ടവരും. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പുണ്ടാകും. തരൂർ ഇല്ലെങ്കിൽ കോൺഗ്രസിന് മണ്ഡലം നിലനിറുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ജയിക്കുമെന്ന് ഉറപ്പിക്കാനും കഴിയില്ല. കാരണം കഴിഞ്ഞതവണ വിജയത്തോടടുത്ത ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ കൈയിലുള്ള എംപിസ്ഥാനം പോയാൻ അതിന് കോൺഗ്രസിന്റെ കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങൾ ഏറെ പഴി കേൾക്കേണ്ടിവരും. മാത്രമല്ല പരാജയപ്പെട്ടാൽ അടുത്ത തവണത്തെ നിമയസഭാ തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
സമുദായ സംഘടനകളുമായി നല്ല അടുപ്പത്തിലാണ് തരൂർ. അവരുടെ സപ്പോർട്ട് അദ്ദേഹത്തിന് ഇപ്പോഴും കുറവില്ല. രണ്ടുതവണയായി പ്രതിപക്ഷത്തിരിക്കുന്ന കേരളത്തിലെ കോൺഗ്രസിന് സമുദായ സംഘടനകളുടെ പിന്തുണ വളരെ അത്യാവശ്യമാണുതാനും. പാർട്ടി വിടുന്നുണ്ടെങ്കിൽ തന്നെ കൂടുതൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കിയശേഷമായിരിക്കും തരൂർ അതിന് ശ്രമിക്കുക. ഒരു രാഷ്ട്രീയക്കാരനല്ലെങ്കിൽ കൂടി രാഷ്ട്രീയക്കാരെക്കാൾ കളികൾ തരൂരിന് നന്നായി അറിയാം. അതിന് തെളിവാണ് കേരളത്തിൽ പിണറായി സർക്കാരിനെ പുകഴ്ത്തിയതിനൊപ്പം മോദിയെയും പുകഴ്ത്തിയത്. വിശ്വപൗരൻ ഇതിൽ നിന്നെല്ലാം അർത്ഥമാക്കുന്നതെന്തന്ന് കാത്തിരുന്നു കാണാം.