
കാസർകോട്: യാത്രക്കാർക്ക് ആശ്വാസം പകർന്ന് ദക്ഷിണറെയിൽവേയിലെ 14 ജോഡി ട്രെയിനുകളിൽ ജനറൽകോച്ചുകളുടെ എണ്ണം കൂട്ടുന്നു. ഇതിൽ ആറുജോഡി കേരളത്തിലൂടെ ഓടുന്നവയാണ്. അടുത്തമാസം മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ മുന്നിലും പിന്നിലുമായി രണ്ടുവീതം ജനറൽ കോച്ചുകൾ വരും. 12 കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊവിഡിനെ തുടർന്ന് കുറച്ചതടക്കമുള്ള ജനറൽകോച്ചുകളാണ് പുനഃസ്ഥാപിക്കുന്നത്.
പുതുച്ചേരിമംഗളൂരു എക്സ്പ്രസ്, ചെന്നൈ പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയിൽ നാല് ജനറൽകോച്ചുകൾ ഉണ്ടാവും.
ദീർഘദൂര ട്രെയിനുകളിലെ ജനറൽകോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച് നാലാക്കുന്ന ആശയം റെയിൽവേ കൂടുതൽ ട്രെയിനുകളിലേക്ക് നടപ്പാക്കുന്നു എന്നതിന്റെ സൂചനയായാണ് ഇപ്പോഴത്തെ നടപടിയെ കണക്കാക്കുന്നത്. കഴിഞ്ഞവർഷം സെപ്തംബറിൽ ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽകോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള, മംഗളുരു ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്കടക്കം 16 ട്രെയിനുകളിലാണ് അന്ന് കോച്ച് വർദ്ധിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണത്തിലെ കുറവ് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ജീവനക്കാരെയും വിദ്യാർത്ഥികളെയുമാണ് ഇത് ഏറെ വലച്ചിരുന്നത്. പലപ്പോഴും ശ്വാസം വിടാൻ പോലും ആകാത്ത വിധത്തിൽ തിങ്ങി നിറഞ്ഞായിരുന്നു യാത്രചെയ്യേണ്ടിരുന്നത്. ഇക്കാര്യം യാത്രക്കാരുടെ കൂട്ടായ്മകൾ ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.