
ടെൽ അവീവ്: ഗാസയിൽ ബന്ദിയാക്കപ്പെട്ട ആറ് ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ച് ഹമാസ്. എലിയ കോഹൻ (27), ഒമർ ഷെം ടോവ് (22), ഒമർ വെൻകർട്ട് (23) എന്നിവരെ മദ്ധ്യഗാസയിലെ നുസൈറത്തിലും താൽ ഷോഹം (40), അവേര മെൻഗിസ്റ്റു (39) എന്നിവരെ തെക്കൻ ഗാസയിലെ റാഫയിലും ഹിഷാം അൽ-സായദ് (36) എന്നയാളെ ഗാസ സിറ്റിയിലും വച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറി.
ഒന്നാം ഘട്ട വെടിനിറുത്തലിനിടെ ഇസ്രയേലിന് കൈമാറുമെന്ന് ഹമാസ് അറിയിച്ച 33 ബന്ദികളുടെ ലിസ്റ്റിൽ ജീവനോടെയുള്ള അവസാനത്തെ വ്യക്തികളായിരുന്നു ഇവർ. ലിസ്റ്റിലെ എട്ടു ബന്ദികൾ ഗാസയിൽ വച്ച് കൊല്ലപ്പെട്ടു. ഇതിൽ നാല് മൃതദേഹങ്ങൾ ഇസ്രയേലിന് കൈമാറിയിട്ടുണ്ട്.
അതേ സമയം, 602 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ ഇന്നലെ മോചിപ്പിച്ചു. ജനുവരി 19നാണ് ഗാസയിൽ ആറാഴ്ചത്തെ ആദ്യ ഘട്ട വെടിനിറുത്തൽ നിലവിൽ വന്നത്. രണ്ടാം ഘട്ടത്തിനായി ചർച്ച തുടരുന്നു. ഇനി 63 ബന്ദികൾ ഗാസയിലുണ്ട്. ഇതിൽ പകുതിയിലേറെ പേരും കൊല്ലപ്പെട്ടു കഴിഞ്ഞു.
മൃതദേഹം വിട്ടുനൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തടവിലിരിക്കെ കൊല്ലപ്പെട്ട ഷിരി ബിബാസ് (33) എന്ന യുവതിയുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറി. വ്യാഴാഴ്ച കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് ഷിരിയുടേത് ആണെന്നാണ് ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ ഷിരിയ്ക്ക് പകരം അജ്ഞാത സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ഇസ്രയേൽ ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് പിഴവ് സംഭവിച്ചെന്ന് സമ്മതിച്ച ഹമാസ് യഥാർത്ഥ മൃതദേഹം കൈമാറുകയായിരുന്നു. ഇത് ഷിരിയുടേത് തന്നെയെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു.