
ബീജിംഗ് : കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന് (സാർസ് കൊവ്-2 ) സമാനമായ മറ്റൊരു കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തി. വവ്വാലിൽ കണ്ടെത്തിയ പുതിയ വൈറസിന് ‘എച്ച്.കെ.യു 5 – കൊവ്-2 ” എന്നാണ് പേരിട്ടിരിക്കുന്നത്. കൊവിഡിന്റെ മാതൃകയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കടക്കാൻ ഈ വൈറസിന് കഴിയുമെത്ര.
‘ബാറ്റ്വുമൺ” എന്നറിയപ്പെടുന്ന പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷീ ഷെൻഗ്ലിയുടെ നേതൃത്വത്തിലെ സംഘമാണ് വൈറസിനെ തിരിച്ചറിഞ്ഞത്. കൊവിഡിലൂടെ വിവാദകേന്ദ്രമായി മാറിയ വുഹാൻ ലാബിലെ ഗവേഷകരും സംഘത്തിലുണ്ട്. മെർസിന് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ) കാരണമായ കൊറോണ വൈറസുകളുടെ ഉപകുടുംബത്തിൽപ്പെട്ടതാണ് പുതിയ വൈറസ്. വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതകളെ പറ്റിയുള്ള പഠനത്തിലാണ് ഗവേഷകർ. വൈറസ് എത്രത്തോളം അപകടകരമാണെന്നതും വ്യക്തമല്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ബാറ്റ് വുമൺ
ചൈനയുടെ ‘ബാറ്റ് വുമൺ ‘ എന്നറിയപ്പെടുന്ന വൈറോളജിസ്റ്റാണ് 60കാരിയായ ഷീ ഷെൻഗ്ലി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വവ്വാലുകൾ നിറഞ്ഞ ഗുഹകളിൽ ഷീ നടത്തിയ വൈറസ് വേട്ടയാണ് ഇങ്ങനെയൊരു പേരിന് കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
5000ത്തോളം കൊറോണ വൈറസുകൾ ആണത്രെ ലോകമെമ്പാടുമുള്ള വവ്വാൽ സ്പീഷീസുകളിൽ നിന്നും ഇനിയും കണ്ടുപിടിക്കാനുള്ളത്. ഷീയുടെ ആദ്യത്തെ വൈറസ് പര്യവേക്ഷണം സാർസിനെ (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) തേടിയായിരുന്നു. സാർസിന്റെ ഉറവിടം ഹോഴ്സ്ഷൂ വവ്വാലാണെന്ന് കണ്ടെത്തി. വവ്വാലുകളിലുള്ള നൂറോളം കൊറോണ വൈറസുകളെ ഷീയും സംഘവും കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും മനുഷ്യന് ഹാനികരമാകുന്നതല്ലെന്നാണ് ഷീ പറയുന്നത്. എന്നാൽ, മനുഷ്യനെ പ്രതികൂലമായി ബാധിക്കുന്ന ഡസനോളം കൊറോണ വൈറസുകളും ഇക്കൂട്ടത്തിലുണ്ട്.