
ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചത് ആശങ്കാജനകമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആർക്കാണ് കിട്ടിയതെന്ന് പരിശോധിക്കണം എന്നും ജയശങ്കര് വ്യക്തമാക്കി. അതേസമയം, തന്റെ സുഹൃത്ത് മോദിക്ക് യുഎസ് എയിഡ് കിട്ടിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ മോദി വിശദീകരണം നല്കണമെന്ന് കോൺഗ്രസും തിരിച്ചടിച്ചു. ഇന്ത്യയിൽ പോളിങ് ശതമാനം ഉയർത്താനെന്ന പേരിൽ, തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക 170 കോടി ചെലവാക്കിയെന്നാണ് ഡോണൾഡ് ട്രംപ് ആവർത്തിച്ചത്. അമേരിക്കയിൽ വോട്ടർ പങ്കാളിത്തം ഉയർത്താൻ ഇത് പോലെ പണം ചെലവഴിക്കാത്തതെന്താണെന്ന് ട്രംപ് ചോദിച്ചു. യുഎസ് ഫണ്ട് വന്നത് ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് പ്രതികരിച്ചെങ്കിലും അമേരിക്കയോട് ഇതിന്റെ വിശദാംശം ആവശ്യപ്പെടാൻ ഒരു സർക്കാർ ഏജൻസിയും തയ്യാറായിട്ടില്ല.
യുഎസ് എയിഡ് വഴി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക ഫണ്ട് നല്കിയത് ഡോണൾഡ് ട്രംപ് തന്നെ മുൻ ബൈഡൻ ഭരണകൂടത്തിനെതിരെ ആയുധമാക്കുകയാണ്. ഇന്ത്യയിൽ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ബൈഡൻ ശ്രമിച്ചുവെന്നാണ് ട്രംപ് ആദ്യം ആരോപിച്ചത്. ഇന്ത്യയിലെ സംഘടനകൾക്ക് നൽകിയത് കൈക്കൂലിയാണെന്നും ഇതിൽ ഒരു വിഹിതം തിരിച്ച് അമേരിക്കയിൽ തന്നെ എത്തുന്നുണ്ടെന്നും ട്രംപ് ഇന്നലെ ആരോപിച്ചു. തുടർച്ചയായി മൂന്നാം ദിവസവും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച ഡോണൾഡ് ട്രംപ്, അമേരിക്കയിലെ വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തിൽ ബൈഡന് താല്പര്യം ഇല്ലായിരുന്നോ എന്നാണ് ചോദിക്കുന്നത്.
ഇന്ത്യയ്ക്കല്ല ബംഗളാദേശിനാണ് ഈ 170 കോടി കിട്ടിയതെന്ന റിപ്പോർട്ട് ഇന്നലെ ഇന്ത്യൻ എക്സ്പ്രസ് നല്കിയിരുന്നു. എന്നാൽ ഫണ്ട് സ്വീകരിച്ച കോൺഗ്രസ് അനുകൂല സംഘടനകളെ രക്ഷിക്കാനാണ് റിപ്പോർട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തെ യുഎസ് ഇടപെടൽ ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ഇന്നലെ പറഞ്ഞിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങൾ ഇതന്വേഷിക്കുന്നു എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞെങ്കിലും ഏതെങ്കിലും അന്വേഷണ ഏജൻസി ഇക്കാര്യത്തിൽ നടപടികൾ തുടങ്ങിയിട്ടില്ല. തുക ഏതൊക്കെ സംഘടനകൾക്ക് കിട്ടി എന്നതിൻറെ വിശദാംശം അമേരിക്കയോട് ഇതുവരെ ഇന്ത്യ ഔദ്യോഗികമായി തേടിയിട്ടുമില്ല. ഈ സാഹചര്യത്തിൽ സത്യം കണ്ടെത്താനല്ല മറിച്ച് വിഷയം രാഷ്ട്രീയ ആയുധമമാക്കുന്നതിൽ മാത്രമാണ് ബിജെപിക്ക് താല്പര്യമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]