
പത്തനംതിട്ട: പത്തനംതിട്ടയിൽ പി.സി. ജോർജിന് പകരം പി.എസ്. ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം പി.സി ജോര്‍ജിന് നൽകിയിരുന്നു. എന്നാൽ, ജനപക്ഷവും ഇല്ലാതാക്കി ജോർജ് ബിജെപിയിൽ എത്തിയപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു. പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ നേതാക്കളൊന്നടക്കം പി.സി ജോര്‍ജ് വേണ്ടെന്ന അഭിപ്രായം അറിയിച്ചു. അതിലുപരി ബിഡിജെഎസിനും ജോർജിനെ വേണ്ട. ഇതോടെയാണ് പുതിയ ഫോർമുല ബിജെപി നേതൃത്വം ആലോചിക്കുന്നത്.
പത്തനംതിട്ട മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മത്സരത്തിനിറക്കാനാണ് നീക്കം. ഒക്ടോബറിൽ ഗവർണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കുന്നതിനോട് താൽപര്യമാണ്. ജോർജിന് ഉചിതമായ മറ്റൊരു പദവി നൽകാനാണ് ആലോചന. ക്രൈസ്തവ സഭ നേതൃത്വങ്ങൾക്കും ശ്രീധരപിള്ളയെ താൽപര്യമാണ്. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തോട് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുന്ന പത്തനംതിട്ടയിലെ ബിജെപി ഔദ്യോഗിക വിഭാഗം ശ്രീധരൻപിള്ളയെ അംഗീകരിക്കാൻ ഇടയില്ല. ആശയക്കുഴപ്പമെല്ലാം പരിഹരിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്തുക കേന്ദ്ര ബിജെപി നേതൃത്വത്തിന് വെല്ലുവിളിയാണ്. അതേസമയം, പിസി ജോര്‍ജിന് പകരം മകൻ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.
Last Updated Feb 23, 2024, 8:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]