
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാനത്തില്‍ ജമീല. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ടാണ് അഭിലാഷിനെ പുറത്താക്കിയത്. കൊയിലാണ്ടി നഗരസഭയിലെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വഭാവ പ്രശ്നങ്ങള്‍ അഭിലാഷിനുണ്ടായിരുന്നുവെന്നും കാനത്തില്‍ ജമീല പറഞ്ഞു.
അതേസമയം, സത്യനാഥനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമാണെന്ന് പ്രതി അഭിലാഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്കി. സംഭവത്തില്‍ അഭിലാഷിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സത്യനാഥന്റെ വീട്ടില്‍ നിന്ന് പഠിച്ച് വളര്‍ന്നയാളാണ് അഭിലാഷ് എന്ന് ബ്രാഞ്ച് സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. ക്രിമിനല്‍ സ്വഭാവങ്ങള്‍ അഭിലാഷ് കാണിച്ച് തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് വിവരങ്ങളെന്നും ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ അഭിലാഷ് ആക്രമിക്കുയായിരുന്നു. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം വിട്ടുനല്‍കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated Feb 23, 2024, 9:17 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]