

First Published Feb 22, 2024, 8:51 PM IST
വെറുംവയറ്റില്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘസമയം നമ്മള് ഒന്നും കഴിക്കാതിരുന്ന്, വയറ്റിലുള്ള മറ്റ് ഭക്ഷണങ്ങളെല്ലാം ദഹിച്ചുതീര്‍ന്നതിന് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് വയറിനെ എളുപ്പത്തില്‍ സ്വാധീനിക്കും.
അത് മോശമായ ഭക്ഷണമാണെങ്കില്‍ അതിന് അനുസരിച്ച് മോശമായ സ്വാധീനമായിരിക്കും ഉണ്ടാവുക. അതേസമയം നല്ല ഭക്ഷണമാണെങ്കില്‍ നല്ലരീതിയിലായിരിക്കും സ്വാധീനം. എന്തായാലും ഇത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാവുന്നതും കഴിക്കാതിരിക്കേണ്ടതുമായ ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
കഴിക്കാവുന്നവ…
വെറും വയറ്റില്‍ ആദ്യം തന്നെ വെള്ളം കുടിച്ചുതുടങ്ങുന്നതാണ് എപ്പോഴും നല്ലത്. ഇതുതന്നെ ഔഷധഗുണങ്ങളുള്ള വല്ലതും ചേര്‍ത്ത ‘ഹെല്‍ത്തി’ പാനീയമാണെങ്കില്‍ ഏറെ നല്ലത്. ഇത്തരത്തില്‍ കുടിക്കാവുന്നതാണ് ഇളംചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞത്. ദഹനം കൂട്ടാനും വയറിന് സുഖം കിട്ടാനുമെല്ലാം ഇത് സഹായിക്കും.
ഗ്രീൻ ടീയും വെറുംവയറ്റില്‍ (മധുരമിടാതെ) കഴിക്കാൻ നല്ലതാണ്. ഇതും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കും. ഒപ്പം കൊഴുപ്പെരിച്ചുകളയാനും ഇത് ഏറെ സഹായിക്കുന്നു.
ഓട്ട്മീല്‍ വെറും വയറ്റില്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കാനും അമിതമായി പിന്നീടെന്തെങ്കിലും കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാനുമെല്ലാം സഹായിക്കും.
ഗ്രീക്ക് യോഗര്‍ട്ടും നല്ലൊരു ഓപ്ഷനാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും പ്രോബയോട്ടിക്സും വയറിനും ആകെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
മിക്കവരും രാവിലെ കഴിക്കുന്നൊരു വിഭവമാണ് മുട്ട. വെറുംവയറ്റില്‍ മുട്ട കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ കേട്ടോളൂ, മുട്ടയും വെറുംവയറ്റില്‍ കഴിക്കാവുന്നതാണ്. പ്രോട്ടീൻ, മറ്റ് മികച്ച പോഷകങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കാൻ മുട്ട സഹായിക്കുന്നു.
ബെറികള്‍, ബദാം, ചിയ സീഡ്സ് എന്നിവയും വെറുംവയറ്റില്‍ കഴിക്കാൻ നല്ല വിഭവങ്ങളാണ്.
കഴിക്കരുതാത്തവ…
മിക്കവരും രാവിലെ എഴുന്നേറ്റയുടൻ തന്നെ കാപ്പി കഴിക്കാറുണ്ട്. എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വെറുംവയറ്റില്‍ കാപ്പി കഴിക്കുന്നത് പലരിലും അസിഡിറ്റിയും മറ്റ് പ്രശ്നങ്ങളുമുണ്ടാക്കും.
സ്പൈസിയായ ഭക്ഷണവും വെറുംവയറ്റില്‍ കഴിക്കരുത്. അധികം മസാല ചേര്‍ത്ത വിഭവങ്ങള്‍ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. ഇതും വയര്‍ കേടാകുന്നതിലേക്ക് നയിക്കാം. സിട്രസ് ഫ്രൂട്ട്സ്- ഓറഞ്ച് പോലുള്ളവ- രാവിലെ കഴിക്കുന്നതും വയര്‍ കേടാകുന്നതിലേക്ക് നയിക്കാം. ഇതുതന്നെ കാര്‍ബണേറ്റഡ് പാനീയങ്ങളുടെ കാര്യത്തിലും, ശീതളപാനയങ്ങളുടെ കാര്യത്തിലും ബാധകമാണ്.
പ്രോസസ്ഡ് ഫുഡ്സ്, ഫ്രൈഡ് ഫുഡ്സ് എന്നിവയും വെറുംവയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ഇവ പൊതുവില്‍ തന്നെ ആരോഗ്യത്തിന് മോശമാണ്. വെറുംവയറ്റിലാകുമ്പോള്‍ വയറിന്റെ ആരോഗ്യം താറുമാറാകുന്നതിലേക്ക് ഇത് നയിക്കാം.
ചിലര്‍ക്ക് പാല്, പാലൊഴിച്ച ചായ, മറ്റ് പാലുത്പന്നങ്ങള്‍ എന്നിവ വെറുംവയറ്റില്‍ കഴിക്കുന്നതും വലിയ പ്രശ്നമാകാറുണ്ട്. ഈ പ്രശ്നമുള്ളവര്‍ വെറുംവയറ്റില്‍ ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 22, 2024, 8:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]