ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പളക്കമ്മിഷൻ നിലവിൽ വരുമ്പോൾ കോളടിക്കുന്നത് പെൻഷൻകാർക്കാണ്. 186 ശതമാനമായിരിക്കും വർദ്ധനവ് വരാൻ പോകുന്നത്. അതായത് നിലവിൽ 9000 രൂപ പെൻഷൻ ലഭിക്കുന്നയാൾക്ക് വർദ്ധനവിലൂടെ കിട്ടുക 25,740 രൂപയായിരിക്കും. 2026 ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പിൽ വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയി ക്രമീകരിക്കുകയാണെങ്കിൽ, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ 51,480 രൂപയായി ഉയരാൻ സാദ്ധ്യതയുണ്ട്. റെയിൽവേയും പ്രതിരോധവും ഉൾപ്പെടെ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. കമ്മിഷന്റെ അദ്ധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കും.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നിർണായക തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്. കേന്ദ്രജീവനക്കാർ ഏറെയുള്ള ഡൽഹിയിൽ മാത്രം നാല് ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഡൽഹി സർക്കാരിലെ ജീവനക്കാരും ഉൾപ്പെടും. 2014 ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശ 2016 ജനുവരി ഒന്നിന് മോദി സർക്കാരിന്റെ കാലത്താണ് നടപ്പായത്. ഇതിന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]