ചെറിയ പ്രായത്തിൽ തന്നെ മികച്ച ജോലി നേടി ജീവിതം സുരക്ഷിതമാക്കാൻ നെട്ടോട്ടമോടുന്ന ഒരു കൂട്ടം ആളുകൾ ഇവിടെ ജീവിക്കുന്നുണ്ട്. അതിനിടയിൽ ചില ആഗ്രഹങ്ങൾ മാറ്റിവയ്ക്കാൻ കുറച്ചുപേരെങ്കിലും തയ്യാറാകാറുണ്ട്. എന്നാൽ തന്റെ വർഷങ്ങളായുളള ആഗ്രഹം ഒന്നിനുവേണ്ടിയും ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന 26കാരനാണ് കൊല്ലം അഞ്ചൽ സ്വദേശിയായ മുഹമ്മദ് ഷാ. 23-ാം വയസിൽ ആരംഭിച്ച തന്റെ മോഹ സംരംഭം ഇന്ന് ലണ്ടനുൾപ്പടെയുളള വിദേശരാജ്യങ്ങൾ വരെ എത്തിനിൽക്കുകയാണ്. രണ്ട് വർഷം മുൻപ് വെറും 6000 രൂപ നിക്ഷേപത്തിൽ ആരംഭിച്ച സംരംഭത്തിൽ നിന്ന് ഇന്ന് ലക്ഷങ്ങളാണ് വരുമാനമായി ലഭിക്കുന്നതെന്ന് മുഹമ്മദ് ഷാ കേരള കൗമുദിയോട് പറയുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വന്തം ബ്രാൻഡ് എന്ന മോഹം മനസിലുണ്ടായിരുന്ന മുഹമ്മദ് ഷാ ബ്രാൻഡ് നെയിമും ലോഗോയും ഒരുക്കി മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് വാട്ടർകളർ ഓർഗാനിക്സ് (ഡബ്ല്യൂ സി) എന്ന ആയൂർവേദിക് വെൽനെസ് ബ്രാൻഡിന്റെ ഉദയമുണ്ടായത്. കൊല്ലത്തെ ടികെഎം കോളേജിൽ ബികോം പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷാ പലയിടങ്ങളിലും ദിവസ വേദനത്തിന് ജോലി ചെയ്തിട്ടുണ്ട്. മുടി നന്നായി നീട്ടിവളർത്തിയതിനാൽ പലസ്ഥലങ്ങളിലും ജോലി കിട്ടാൻ ബുദ്ധിമുട്ടായി. പല കമ്പനികളും ഈ ഒരൊറ്റ കാരണം ചൂണ്ടിക്കാട്ടി ഷായെ ജോലിക്കായി തിരഞ്ഞെടുക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഒടുവിൽ ഒരു മെഡിക്കൽ സ്റ്റോറിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറുകയായിരുന്നു. ആ സമയത്തും സ്വന്തം ബ്രാൻഡ് എന്ന ഒരൊറ്റ സ്വപ്നം മാത്രമായിരുന്നു ഈ ചെറുപ്പക്കാരന്റെ മനസ് മുഴുവൻ.
എന്നാൽ പുതിയ സംരംഭം എങ്ങനെ തുടങ്ങും? എവിടെ തുടങ്ങും? ആര് സഹായിക്കും? എന്ന കുറേ ചോദ്യങ്ങളും ഈ ചെറുപ്പക്കാരന്റെ മനസ് നിറയെ ഉണ്ടായിരുന്നു. അങ്ങനെയാണ് ആയുർവേദ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഡിമാൻഡും ഗുണങ്ങളും മുഹമ്മദ് ഷാ മനസിലാക്കിയത്. ഒടുവിൽ ആയൂർവേദ ഉൽപ്പന്നങ്ങളിലൂടെ തന്റെ ബ്രാൻഡ് എന്ന മോഹം പൂവണിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്ന മുഹമ്മദ് ഷാ. അതിനായി കൂടുതൽ ഗവേഷണം നടത്തുകയും ഒഴിവു സമയങ്ങളിൽ യാത്രകൾ നടത്തുകയും കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയുമായിരുന്നു. പിന്നീട് സംരംഭം ആരംഭിക്കുന്നതിനുളള നിയമപരമായ അനുമതിയും ഈ ചെറുപ്പക്കാരൻ സ്വന്തമാക്കി.
അങ്ങനെയാണ് 6000 രൂപ മുതൽമുടക്കി ഹെയർ ഓയിൽ ബിസിനസ് ആരംഭിച്ചത്. പിന്നീട് ഒരു ആയുർവേദ കമ്പനിയുടെ യൂണിറ്റ് വാടകയ്ക്ക് എടുത്ത് ഉൽപ്പന്നത്തിന്റെ നിർമാണവും ആരംഭിച്ചു. തുടക്കത്തിൽ ദിവസവും ഏകദേശം 20 ബോട്ടിൽ വീതം വിറ്റുപോയിരുന്നുവെന്ന് മുഹമ്മദ് ഷാ പറയുന്നു. ഒടുവിൽ ഉൽപ്പന്നത്തിന്റെ ഗുണമേൻമയും ഫലവും മനസിലാക്കിയതോടെ കൂടുതൽ ആളുകൾ ഹെയർ ഓയിൽ വാങ്ങാൻ തുടങ്ങിയെന്നും പറയുന്നു. ഏകദേശം ഒരു വർഷത്തോളം ഹെയർ ഓയിലിൽ മാത്രം ഒതുങ്ങി നിന്ന സ്വന്തം സംരംഭത്തിന്റെ വളർച്ച പിന്നീട് പെട്ടെന്നായിരുന്നുവെന്ന് ചെറുപ്പക്കാരൻ പറയുന്നു.
അങ്ങനെ സ്വന്തം ആഗ്രഹം പോലെ കമ്പനി ആരംഭിക്കാനും മുഹമ്മദ് ഷായ്ക്ക് സാധിച്ചു. പിന്നീട് ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയായിരുന്നു. ഡബ്ല്യൂ സി അലോവേര ഷാമ്പൂ, ഡബ്ല്യൂ സി ഷികാകയ് ഷാമ്പൂ, ഡബ്ല്യൂ സി ഹെർബെൽ താളി ഷാമ്പൂ, എന്നീ മൂന്നുതരം ഷാമ്പൂകളും ഡബ്ല്യൂ സി ഫെയ്സ് പാക്ക്, ഡബ്ല്യൂ സി അലോവേര ജെല്ല് എന്നീ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും ഡബ്ല്യൂ സി ഹണി അമ്ല, ഡബ്ല്യൂ സി ഹണി ഗാർലിക് എന്നീ ഭക്ഷണ ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു.
ഇന്ന് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളായ അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ,ജർമ്മനി, യുഎഇ എന്നിവിടങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. സ്വന്തം ഇകോമേഴ്സ് വെബ്സൈറ്റ് ( www.watercolourorganics.com) വഴിയും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയുമാണ് വിപണി കണ്ടെത്തുന്നതെന്ന് മുഹമ്മദ് ഷാ പറയുന്നു. ഇപ്പോൾ കൊല്ലത്ത് പുതിയ നിർമാണ യൂണിറ്റ് നിർമിക്കുന്നതിനുളള തിരക്കിലാണ് മുഹമ്മദ് ഷാ. സ്വന്തം ആഗ്രഹങ്ങളെ മറ്റുള്ളവർക്ക് വേണ്ടി മാറ്റാതെ, ആഗ്രഹങ്ങളെ നെഞ്ചോട് ചേർത്ത് കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് ഇന്ന് ഒരു ആഗോള ഹെയർ ഓയിൽ ബ്രാൻഡിന്റെ ഉടമയാക്കി മാറ്റിയതെന്നാണ് മുഹമ്മദ് ഷാ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]