
കോഴിക്കോട്: ഓൺലെെൻ മേഖലയിലെ തൊഴിലാളികളുടെ (ഗിഗ് തൊഴിലാളികൾ) പ്രതിഫലവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച് കമ്പനികൾ. ഇന്ധനവില ഉയരുന്നതിനിടെയും പലരും പെട്രോൾ അലവൻസ് റദ്ദാക്കി. ചിലർ കുറച്ചു. വിതരണം ചെയ്യുന്ന ഓർഡറുകളുടെ എണ്ണത്തിനനുസരിച്ചാണ് ചിലർക്ക് പ്രതിഫലം. ഓർഡർ ഒന്നിന് 21 രൂപ നൽകിയിരുന്നത് 15 ആക്കി വെട്ടിച്ചുരുക്കി. ഹബ്ബുകളിലെത്തേണ്ട (ഓഫീസ്) സമയം നേരത്തെയാക്കി. ടോയ്ലെറ്റ്, വിശ്രമ സൗകര്യമില്ലാത്തതിനാൽ സ്ത്രീതൊഴിലാളികൾ ദുരിതത്തിലാണ്. ജോലിസമയവും കൂട്ടി.
ഒരു കമ്പനിയിൽത്തന്നെ വ്യത്യസ്ത വേതന വ്യവസ്ഥയാണുള്ളത്. പുതുതായി ജോലിക്കെത്തുന്നവർക്ക് തുടക്കത്തിൽ കൂടുതൽ ഓർഡറുകൾ നൽകും. കാലക്രമേണ അവഗണിക്കും. അതോടെ പലരും ജോലി അവസാനിപ്പിക്കും. ഇവർക്കുപകരം വീണ്ടും പുതിയ ആളുകളെയെടുക്കും. രണ്ടാഴ്ച പോയില്ലെങ്കിൽ പിന്നെ ജോലിയുണ്ടാകില്ല. ഓർഡറുകൾ കസ്റ്റമർ ക്യാൻസൽ ചെയ്താൽ പ്രതിഫലം ലഭിക്കില്ല. ചിലർ സാധനമെത്തിച്ച ശേഷമാകും വേണ്ടെന്ന് പറയുക.
സമ്പാദിക്കുന്നതിന്റെ പകുതിയും ഇന്ധനത്തിനായി ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇവർ. ഇതിനുപുറമേ വണ്ടിയുടെ അറ്റകുറ്റപ്പണികളും ചെയ്യണം. പുതിയ ആളുകളെ റഫർ ചെയ്യുന്നവർക്ക് ഇൻസെന്റീവുണ്ട്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാലും ഇൻസെന്റീവ് തവണകളായേ കിട്ടൂ. പലചരക്കു സാധനങ്ങളുടെ വിതരണവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
ഗിഗ് തൊഴിലാളികൾ
സൊമാറ്റോ, സ്വിഗ്ഗി (ഭക്ഷണവിതരണം)
ഊബർ, ഓല (ഗതാഗതം)
ഫ്ളിപ്പ്കാർട്ട്, ആമസോൺ
ഇന്ത്യയിൽ 77 ലക്ഷം ഗിഗ് തൊഴിലാളികൾ
കേരളത്തിൽ 2 ലക്ഷം
നേട്ടം
ജോലിസമയം തിരഞ്ഞെടുക്കാം
പാർട്ട് ടെെമായും ചെയ്യാം
വീട്ടമ്മമാർക്കും അവസരം
കോട്ടം
തൊഴിൽ സുരക്ഷയില്ല
മുതലാളി തൊഴിലാളി ബന്ധമില്ല.
യാതൊരു ആനുകൂല്യവുമില്ല