‘ പനാമ കനാൽ യു.എസ് തിരിച്ചെടുക്കും…” അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ട്രംപ് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. തിരഞ്ഞെടുപ്പ് ജയിച്ചതുമുതൽ പനാമ കനാൽ തിരിച്ചുപിടിക്കുമെന്ന് ട്രംപ് പറയുന്നുണ്ട്. എന്താണ് ട്രംപിന്റെ പിടിവാശിക്ക് പിന്നിൽ. എങ്ങനെയാണ് പനാമ കനാൽ യു.എസിന്റെ ഭാഗമാകുന്നത് ?
ലാറ്റിനമേരിക്കൻ രാജ്യമായ പനാമയിൽ സ്ഥിതി ചെയ്യുന്ന, അറ്റ്ലാന്റിക്- പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഷിപ്പിംഗ് കനാലാണ് പനാമ കനാൽ. 1881ൽ ഫ്രാൻസാണ് കനാലിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. എന്നാൽ 1889ൽ നിർമ്മാണം പാതിവഴിയിൽ നിലച്ചു. എൻജിനിയറിംഗ് പ്രശ്നങ്ങൾ, തൊഴിലാളികൾക്കിടയിലെ ഉയർന്ന മരണനിരക്ക്, നിക്ഷേപകരുടെ പിന്മാറ്റം എന്നിവയെല്ലാം കാരണങ്ങളായി. 1904ൽ യു.എസ് നിർമ്മാണം ഏറ്റെടുത്തു. 1914ൽ വിജയകരമായി പൂർത്തിയാക്കി.
കനാലിന്റെയും ചുറ്റുമുള്ള പനാമ കനാൽ സോണിന്റെയും നിയന്ത്രണം യു.എസിനായിരുന്നു. 1977ൽ ജിമ്മി കാർട്ടർ യു.എസ് പ്രസിഡന്റായിരിക്കെ കനാലിന്റെ നിയന്ത്രണം ഭാഗികമായി പനാമയ്ക്ക് നൽകി. 1999ൽ നിയന്ത്രണം പൂർണമായും പനാമ സർക്കാരിന് ലഭിച്ചു. ഇന്ന് പനാമ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പനാമ കനാൽ അതോറിട്ടിക്കാണ് നിയന്ത്രണ ചുമതല.
യു.എസുമായുള്ള ഉടമ്പടിയിലെ വ്യവസ്ഥകൾ പനാമ ലംഘിച്ചെന്നാണ് ട്രംപിന്റെ ആരോപണം. കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് പനാമ അന്യായ നിരക്ക് ചുമത്തുന്നെന്നും കനാൽ മേഖലയിൽ ചൈനീസ് സ്വാധീനം വർദ്ധിക്കുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. കനാലിന്റെ നിയന്ത്രണം ചൈനീസ് കരങ്ങളിലാണെന്നും ട്രംപ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാൻ ഉദ്ദേശ്യമില്ലെന്നാണ് പനാമയുടെ പക്ഷം. കനാൽ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ പനാമ ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) പരാതിയും നൽകി. യു.എസ് കണ്ടെയ്നർ ഗതാഗതത്തിന്റെ 40 ശതമാനവും പനാമ കനാലിലൂടെയാണ് കടന്നുപോകുന്നത്.
കനാൽ പിടിച്ചെടുക്കാൻ ട്രംപ് ഭരണകൂടം സൈന്യത്തെ ഉപയോഗിക്കുമോയെന്നും ട്രംപിന്റെ ഭീഷണിക്കുള്ള മറുപടിയായി കനാൽ അടച്ചിടാൻ പനാമ ഒരുങ്ങുമോയെന്നുമാണ് ലോകം ഉറ്റുനോക്കുന്നത്.