
ഹൈദരാബാദ്: രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പേസര്‍ ജസ്പ്രീത് ബുമ്ര. മുമ്പ് ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ബുമ്ര കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ സന്തോഷമെന്ന് വ്യക്തമാക്കി. ഇംഗ്ലണ്ടിലാണ് ടീം ഇന്ത്യയെ ടെസ്റ്റില്‍ ബുമ്ര നയിച്ചത്. മുപ്പത്തിയാറ് വയസുകാരനായ രോഹിത്തിന്റെ രാജ്യാന്തര കരിയര്‍ എത്ര കാലം നീളും എന്ന സംശയം നിലനില്‍ക്കേയാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബുമ്ര സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ പേസര്‍മാരെ അപൂര്‍വമായി മാത്രമേ ക്യാപ്റ്റന്മാരാക്കാറുള്ളൂ.
എന്തിനും തയ്യാര്‍
‘ഒരു ടെസ്റ്റില്‍ ടീമിനെ നയിക്കാനായത് വലിയ അംഗീകാരമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക മഹത്തരമാണ്, ക്യാപ്റ്റനാവുക എന്ന് പറയുമ്പോള്‍ അതിനേക്കാള്‍ മഹത്തരവും. ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. പേസര്‍ എന്ന നിലയ്ക്ക് ചിലപ്പോള്‍ ഫീല്‍ഡ് ചെയ്യാന്‍ ഫൈന്‍ ലെഗിലേക്ക് ഒക്കെ പോവേണ്ടിവരും. എന്നാല്‍ ടീമിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗവാക്കാവാന്‍ ഇഷ്ടപ്പെടുന്നു. ക്യാപ്റ്റന്‍സി ഏല്പിച്ചാല് എന്തായാലും ഏറ്റെടുക്കും’.
കമ്മിന്‍സിന്റെ പാതയില്‍…
‘ക്യാപ്റ്റനായി ഓസീസിനായി പാറ്റ് കമ്മിന്‍സ് കളിക്കുന്നുണ്ട്. അധികം പേസര്‍മാരൊന്നും മുമ്പ് ക്യാപ്റ്റനായിട്ടില്ല. എന്നാല്‍ പേസര്‍മാര്‍ ക്യാപ്റ്റനാകുന്നത് നല്ല മാതൃകയാണ്. എത്രത്തോളം കഠിനമായ ജോലിയാണ് ചെയ്യുന്നത് എന്ന് പേസര്‍മാര്‍ക്ക് നന്നായി അറിയാം’ എന്നും ജസ്പ്രീത് ബുമ്ര പറഞ്ഞു. ഇന്ത്യയെ നയിച്ച പേസര്‍മാരില്‍ ഒരാള്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവാണ്. കപിലിന് ശേഷം 35 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ബുമ്രയിലൂടെ ഒരു പേസ് ക്യാപ്റ്റനുണ്ടായത്. അതേസമയം അടിക്കടിയുണ്ടാവുന്ന പരിക്കിന്റെ ആശങ്കകള്‍ കൂടി പരിഗണിച്ചായിരിക്കും ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്രയെ തീരുമാനിക്കുകയുള്ളൂ.
Last Updated Jan 23, 2024, 7:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]