.news-body p a {width: auto;float: none;}
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണികൾ മിക്കതിനും പിന്നിൽ പ്രവർത്തിച്ചത് അവിടത്തെ വിദ്യാർത്ഥികളാണെന്ന് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ്. നഗരത്തിലെ വെങ്കിടേശ്വർ ഗ്ലോബൽ സ്കൂളിന് ലഭിച്ച ഭീഷണിക്കുപിന്നിൽ വിദ്യാർത്ഥികളായ സഹോദരങ്ങളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരീക്ഷ മാറ്റിവയ്പ്പിക്കാനായിരുന്നു ഈ കടുംകൈ. ഇക്കഴിഞ്ഞ നവംബർ 28ന് രോഹിണി പ്രശാന്ത് വിഹാറിലെ മൾട്ടിപ്ലക്സിൽ ദുരൂഹമായ സ്ഫോടനം നടന്നതിന് തൊട്ടടുത്ത ദിവസമായിയിരുന്നു സ്കൂളിലെ ഭീഷണി. ഉടൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിംഗിലാണ് ഭീഷണി സന്ദേശത്തിന് പിന്നിലെ വിദ്യാർത്ഥികളെക്കുറിച്ച് വിവരം ലഭിച്ചത്.
രോഹിണിയിലെയും പശ്ചിമവിഹാറിലെയും ചില സ്കൂളുകൾക്കും ആ സ്കൂളിലെ വിദ്യാർത്ഥികൾ ഭീഷണി ഇ മെയിൽ സന്ദേശങ്ങൾ അയച്ചിരുന്നു എന്നും പൊലീസ് പറയുന്നു. സ്കൂളുകൾക്ക് അവധി നൽകണം, പരീക്ഷ മാറ്റിവയ്ക്കണം എന്നിവയ്ക്കുവേണ്ടിയായിരുന്നു സന്ദേശങ്ങൾ അയച്ചതെന്നും പൊലീസ് വ്യക്തമാക്കി. സന്ദേശത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ, രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കുമുന്നിൽ വച്ച് താക്കീതുചെയ്തശേഷം വിട്ടയയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലായി ഡൽഹിയിലെ നൂറിലധികം സ്കൂളുകൾക്കാണ് ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്.
വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) വഴിയാണ് മിക്ക ഭീഷണി സന്ദേശങ്ങളും എത്തിയത്. ഇത്തരം സന്ദേശങ്ങൾ അയച്ചത് ആരെന്ന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല എന്നതിനാലാണ് വിദ്യാർത്ഥികൾ വിപിഎൻ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സ്കൂളുകൾക്ക് മാത്രമല്ല ഡൽഹിയിലെ ആശുപത്രികൾ, വിമാനത്താവളങ്ങൾ, എയർലൈൻ കമ്പനികൾ തുടങ്ങി നിരവധി സ്ഥാനങ്ങൾക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കുപിന്നിൽ ആരെന്ന് കണ്ടെത്താനോ കേസുകളിൽ വഴിത്തിരിവ് ഉണ്ടാക്കാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]